കായികലോകം മാറുകയാണ്. ഒപ്പം കളിയുടെ മാർക്കറ്റിംഗ് രീതികളും ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെയുണ്ടായ മാർക്കറ്റിംഗ് കായിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്നലെ കോഴിക്കോട് ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റ്. കാണികളെ കാൽപ്പന്താരവം മുഴങ്ങുന്ന സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ വലിയ തന്ത്രങ്ങളാണ് സംഘാടകർ ഒരുക്കിയത്.
അത് ഫലം കണ്ടുവെന്നാണ് ഇന്നലെ നിറഞ്ഞു കവിഞ്ഞ ഗാലറികൾ വിളിച്ചു പറയുന്നത്. ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന മേഖലയിലേക്കാണ് ഫുട്മ്പോൾ കടന്നു ചെന്നിരിക്കുന്നത്. അതിന് കേരള സ്റ്റേഡിയങ്ങൾ വേദിയാകുന്നു.
ഫുട്ബോൾ ടീസർ സൂപ്പർ ഹിറ്റ്…
ഒരു പുതിയ സിനിമ ഇറങ്ങുന്നതുപോലെയുള്ള ടീസർ… അതിൽ മലയാളികളുടെ പ്രിയതാരങ്ങളായ ബേസിൽ ജോസഫ്, പ്രിഥിരാജ് പിന്നെ രാഷ്ട്രീയ മേഖലയിൽനിന്നു ശശി തരൂരും . ടീസർ ക്ലിക്കായതോടെ ഫുട്ബോൾ പൊളപ്പൻ പാട്ടുമായി സോഷ്യല്‍ മീഡിയ സ്റ്റാര്‍ വേടനും.
ഒരു ഫുട്ബോൾ മാമാങ്കം തുടങ്ങാൻ ഇതിലധികം എന്ത് വേണം. ഓൺലൈൻ വഴി കളി തത്സമയം കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വലിയ സ്പോൺസർഷിപ്പും ഇതു വഴി ലഭ്യമായി കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് ഒഫിഷ്യൽ വെബ്സൈറ്റ് വഴി മൽസരങ്ങൾ കാണികളിലേക്ക് ഏത് സമയവും എത്തും. കാൽപന്തുകളിയുടെ നാടിന് ഇതിൽപ്പരം എന്ത് വേണം.
ഇനി സാക്ഷാൽ മെസി കൂടി ഇങ്ങെത്തിയാൽ അത് കേരള ഫുട്ബോൾപ്രേമികൾക്കിടയിലുണ്ടാക്കുന്ന ഓളം ചില്ലറയായിരിക്കില്ല. ഓരോ ക്ലബ്ബുകളും വ്യത്യസ്ത ഓൺലൈൻ വേദികളിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
കാൽപന്തിന് പിറകേ രണ്ടര മാസം…
രണ്ടര മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. പ്രഥമ സീസണില്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കട്ട് എഫ്സി, മലപ്പുറം എഫ്സി, തൃശൂര്‍ മാജിക് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇത്തവണ അത് ആറായി ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകള്‍ ലഭിച്ചു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയവും തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയവുമാണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍. കഴിഞ്ഞ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹോം മത്സരങ്ങള്‍ കളിച്ച ഫോഴ്സ കൊച്ചി എഫ്സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുക.
പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് വേദികളും മികച്ച രീതിയില്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയെടുത്തിട്ടുണ്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കട്ട് എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പന്‍സ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങള്‍ക്ക് വേദിയാവും.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പര്‍ ലീഗ് കേരളയിലെ മത്സരങ്ങള്‍. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. തുടര്‍ന്ന് ഡിസംബര്‍ 14ന് ഗ്രാന്‍ഡ് ഫിനാലെ. മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വര്‍ധിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. കഴിഞ്ഞ സീസണില്‍ 94 മലയാളി താരങ്ങളാണ് ആറു ടീമുകളിലായി കളിച്ചത്. അത് ഇത്തവണ 100 ആയി ഉയര്‍ന്നിട്ടുണ്ട്.
മീഡിയ പാർട്ണറായി സോണി സ്പോർട്സ്
വിദേശ ലീഗുകളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലുമെല്ലാം മികവ് തെളിയിച്ച നിരവധി കളിക്കാര്‍ സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ബൂട്ട് കെട്ടുന്നുണ്ട്. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യവും ഈ സീസണിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
കേരളത്തിലെ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് സൂപ്പര്‍ ലീഗ് കേരള. കേരള ഫുട്ബോളിന്റെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണെന്ന് സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു.എല്ലാ മത്സരങ്ങളും സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംപ്രേഷണം ചെയ്യും. സ്പോര്‍ട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിംഗ് നടത്തുന്നത്.ഇന്ത്യക്കാര്‍ 150, വിദേശികള്‍ 36, 100 ഓളം മലയാളികളും സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന്റെ ഭാഗമാകും.
ബൂട്ടുകെട്ടുന്നത് 186 ഫുട്ബോള്‍ താരങ്ങൾ
150 ഇന്ത്യന്‍ താരങ്ങളാണ് ആറ് ടീമുകളിലായി കളിക്കുക. ഇതില്‍ 100 പേരും മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരുമുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ നിന്നുള്‍പ്പടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാന്‍ ഇറങ്ങും.
ലൂയിസ് എയിഞ്ചല്‍ റോഡ്രിഗസ് (ഫോഴ്സ കൊച്ചി), റോയ് കൃഷ്ണ, ജോണ്‍ കെന്നഡി (മലപ്പുറം എഫ്സി), സെബാസ്റ്റ്യന്‍ ലുക്കാമി (കാലിക്കറ്റ് എഫ്സി), മെയില്സന് അല്‍വേസ് (തൃശൂര്‍ എഫ്സി), അഡ്രിയാന്‍ സെര്‍ദിനെറോ (കണ്ണൂര്‍ വാരിയേഴ്സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പന്‍സ്) തുടങ്ങിയവരെല്ലാം ലീഗില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മികവുള്ള വിദേശ താരങ്ങളാണ്.
സലാം രഞ്ജന്‍ സിംഗ് (തിരുവനന്തപുരം കൊമ്പന്‍സ്), മൈക്കല്‍ സൂസയ്രാജ് (ഫോഴ്സ കൊച്ചി), ഗനി അഹമ്മദ് നിഗം (മലപ്പുറം എഫ്സി), പ്രശാന്ത് കെ (കാലിക്കറ്റ് എഫ്സി), ലെനി റോഡ്രിഗസ് (തൃശൂര്‍ മാജിക്ക് എഫ്സി) ഉള്‍പ്പടെ ഇന്ത്യന്‍ ഫുട്ബോളില്‍ തിളങ്ങിയ നിരവധി കളിക്കാരും ഇത്തവണ സൂപ്പര്‍ ലീഗ് കേരളയില്‍ അങ്കത്തിനിറങ്ങും. മലപ്പുറം എഫ്സിയുടെ സ്പാനിഷ് പരിശീലകന് മിഗ്വേല്‍ കോറല്‍ ടൊറൈറ, തൃശൂര്‍ മാജിക് എഫ്സിയുടെ റഷ്യന്‍ പരിശീലകന് ആന്‍ന്ദ്രേ ചെര്‍ണിഷോവ് തുടങ്ങിയ വമ്പന്‍ പരിശീലകര്‍ തമ്മിലുള്ള പോരാട്ടത്തിനും ഇത്തവണ സൂപ്പര്‍ ലീഗ് കേരള സാക്ഷ്യം വഹിക്കും.
മാത്രമല്ല സമീപ ഭാവിയില്‍ കൂടുതല്‍ ലീഗ് മല്‍സരങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറും. സ്റ്റേഡിയങ്ങള്‍ കൂടുതല്‍ സൗകര്യമുള്ളതാകും. ഇന്നലെ കോഴിക്കോട് നടന്ന മല്‍സരത്തില്‍ വലിയ ജനസഞ്ചയം എത്തിയത് ഇതിന് തെളിവാണ്. ഇത് അടുത്ത ദിവസങ്ങളിലും തുടര്‍ന്നാല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുേെന്നുറപ്പാണ്. ഇന്നലെ വിദേശികള്‍ ഉള്‍പ്പെടെ മല്‍സരങ്ങള്‍ കാണാന്‍ എത്തിയിരുന്നു. മലബാറില്‍ കണ്ണൂരില്‍ ഇത്തവണ മല്‍സരങ്ങള്‍ ഉണ്ടെന്നതും നേട്ടമാണ്.