കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയില്‍ നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ കുടുതല്‍ മലാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. പണം തട്ടിയെടുക്കുന്നതിലടക്കം ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും മലയാളികളാണെന്നാണ് അറസ്റ്റിലായ യുവതിയില്‍ നിന്നും പോലീസിന് ലഭിക്കുന്ന വിവരം.
ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്. അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ തട്ടിപ്പ് പണത്തില്‍ നിന്നും കമ്മീഷനും നല്‍കും. ഇത്തരത്തില്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ കൊല്ലം സ്വദേശിനി സുജിത കമ്മീഷന് കൈപ്പറ്റിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇവരില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലായ സുജിതയെ കസറ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.
എളംകുലം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും തട്ടിയെടുത്ത 24.7 കോടി രൂപയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ സുജിതയുടെ പാലാരിവട്ടത്തെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ തുക വിദേശ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് എളംകുളം സ്വദേശിയുടെ 24.7 കോടി രൂപ സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. കാലിഫോര്‍ണിയ ആസ്ഥാനമായ ക്യാപ്പിറ്റലിക്സ് ട്രേഡിംഗ് കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് പരാതിക്കാരനായ വ്യവസായിയുമായി ഡാനിയേല്‍ എന്ന് പരിചയപ്പെടുത്തിയ മലയാളിയാണ് ആശയവിനിമയം നടത്തിയത്. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് പല തവണകളായി 24.7 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യവസായി നിക്ഷേപിച്ചത്. ഫോണ്‍ വഴി മാത്രമാണ് ഡാനിയേല്‍ എന്നയാളുമായി ബന്ധപ്പെട്ടിരുന്നത്. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്.
തട്ടിപ്പ് ആസൂത്രണം ചെയ്തത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പോലീസ് നിഗമനം. ക്യാപ്പിറ്റാലിക്സ്.കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപ്പിറ്റാലിക്സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചു. കൊച്ചി സിറ്റി പോലീസിലെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
ക്യാപിറ്റാലിക്സ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കാലിഫോര്‍ണിയയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുമ്പും രാജ്യാന്തര സൈബര്‍ തട്ടിപ്പ് കേസുകളില്‍ ക്യാപിറ്റാലിക്സ് പ്രതിയായിട്ടുണ്ട്.