ജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് മലയാളത്തനിമയില്‍ പ്രണയ സാക്ഷാത്കാരം ! കൂത്താട്ടുകുളത്തെ ക്ഷേത്രത്തില്‍ നടന്ന അപൂര്‍വ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

കൂത്താട്ടുകുളം: ജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് കേരളീയ മണ്ണില്‍ വിവാഹം. ജപ്പാനില്‍നിന്നുള്ള ഹിരുമി (25), യുകിഹോ (24) എന്നിവരുടെ വിവാഹമാണ് മലയാളത്തനിമയില്‍ കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തില്‍ നടന്നത്.

മലയാളി വേഷമണിഞ്ഞ് ക്ഷേത്രത്തിലെ ഔഷധസേവാ മണ്ഡപത്തിലാണ് ഇരുവരും ആദ്യമെത്തിയത്. കര്‍ക്കടക മാസ ഔഷധസേവയില്‍ പങ്കെടുത്ത് ഇരുവരും ഔഷധം സേവിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ ആനപ്പന്തലില്‍ വിവാഹച്ചടങ്ങുകള്‍.

ഇലകളും പൂക്കളും കൊണ്ട് തീര്‍ത്ത മാലകള്‍ പരസ്പരം അണിഞ്ഞു. വരന്‍ വധുവിനെ തിലകമണിയിച്ചു. കൈകള്‍ പിടിച്ച് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു. വധുവിന്റെ മാതാപിതാക്കളായ തോഷിഹിസയും കിയികോയും വരന്റെ ബന്ധുക്കളായ ക്യോക്കോ, മസൂമി എന്നിവരും എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നേത്ര ചികിത്സയ്ക്കായി ശ്രീധരീയം നേത്രാസ്പത്രിയില്‍ യുകിഹോ എത്തിയിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം കേരളീയ രീതിയില്‍ നടത്താന്‍ കഴിഞ്ഞ ദിവസം ശ്രീധരീയത്തില്‍ എത്തുകയായിരുന്നു.ക്ഷേത്രം മേല്‍ശാന്തി എന്‍.എസ്. നാരായണന്‍ നമ്പൂതിരി, മാനേജര്‍ നന്ദനവര്‍മ, സജീവന്‍ എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Related posts