വരന് കൂട്ടുകാരുടെ അപ്രതീക്ഷിത വിവാഹസമ്മാനം; വരന്‍ പോലീസ് സ്‌റ്റേഷനില്‍!, ഹണിമൂണ്‍ ആഘോഷിക്കേണ്ട അരുണ്‍കുമാര്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനുകള്‍ കയറിറങ്ങുന്നു, കൂട്ടുകാര്‍ മുങ്ങി! ആലപ്പുഴ സംഭവം പറയുന്നത്

zzz_local-marriageവിവാഹ ഒരുക്കങ്ങള്‍ക്കു ചുറുചുറുക്കോടെ കൂട്ടുകാര്‍ മുന്നില്‍ നിന്നപ്പോള്‍ വധൂവരന്മാര്‍ക്കു സന്തോഷവും ആവേശവുമായിരുന്നു. എന്നാല്‍, ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു വീട്ടിലേക്കു പുറപ്പെടാന്‍ തയാറെടുത്തപ്പോള്‍ നവദമ്പതികള്‍ ഞെട്ടി. കാരണം യാത്രയ്ക്കു കാറും ജീപ്പുമൊന്നുമില്ല. അമ്പരന്നു നില്‍ക്കെ കൂട്ടുകാര്‍ ഒരുക്കിയ വാഹനമെത്തി, സാക്ഷാല്‍ മണ്ണുമാന്തി! ആദ്യം ഞെട്ടിയെങ്കിലും കൂട്ടുകാരുടെ സ്‌നേഹസമ്മാനമായതിനാല്‍ അവര്‍ വഴങ്ങി. മണ്ണുമാന്തിയുടെ ബക്കറ്റില്‍ ഇരുവരും കയറിപ്പറ്റി. ഇരുവരെയുമായി ആഘോഷമായി വീട്ടിലേക്ക്. പാട്ടും ബഹളവും ആര്‍പ്പുവിളികളുമായപ്പോള്‍ കാഴ്ചക്കാരും ഏറി.

അതോടെ ദേശീയപാത ഗതാഗതക്കുരുക്കിലായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കാണികളുടെ ആദ്യരസമൊക്കെ അങ്ങു പോയി. പോലീസ് സ്‌റ്റേഷനിലേക്കു പരാതിയെത്തി. അതോടെ വെട്ടിലായത് കൂട്ടുകാരല്ല, വരനും വധുവുമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. വിവാഹമുഹൂര്‍ത്തമായിരുന്ന ഞായറാഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലുമായി ഒട്ടേറെ വിവാഹങ്ങളും അതിന്റെ ഫലമായി ദേശീയപാതയിലുള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുമായിരുന്നു. അതിനിടയിലാണു ദേശീയപാതയിലൂടെ വധ!ൂവരന്മാരെ സുഹൃത്തുക്കള്‍ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയത്. ആലപ്പുഴ നഗരത്തില്‍ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകുകയായിരുന്ന വധൂവരന്മാരെ തൂക്കുകുളം ജംക്ഷനില്‍ തടഞ്ഞ സുഹൃത്തുക്കള്‍ ഇരുവരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്കു കയറ്റുകയായിരുന്നു.

ആലപ്പുഴ കളര്‍കോട് തൂക്കുകുളം മുതല്‍ പുന്നപ്ര വരെ നീണ്ട ഗതാഗതക്കുരുക്കാണ് വിവാഹഘോഷയാത്രയുണ്ടാക്കിയത്. ഇതോടെ  പോലീസ് സംഭവത്തില്‍ ഇടപെട്ടു. വരന്‍ പുന്നപ്ര വടക്ക് പറവൂര്‍ അറയ്ക്കല്‍വെളി രാജപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (30), മണ്ണുമാന്തി യന്ത്രത്തിന്റെ െ്രെഡവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ (24), ഉടമ ആലപ്പുഴ സ്വദേശി സാം മോന്‍ (40) എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ് ചിന്നപ്പനെയും സാം മോനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. വിവാഹദിനത്തിന്റെ പരിഗണന നല്‍കി വരനെ അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വിട്ടു. മണ്ണുമാന്തിയാത്ര ഇടപാടാക്കിയ കൂട്ടുകാരില്‍ പലരും ഇപ്പോള്‍ വരനും വധുവിനും ബന്ധുക്കള്‍ക്കും മുഖംകൊടുക്കാതെ മുങ്ങിയിരിക്കുകയാണെന്നാണ് കേള്‍വി.

Related posts