ഗുരുഗ്രാം: ശരീര വണ്ണത്തെ കളിയാക്കിയ കൂട്ടുകാരനെ കൊലപ്പെടുത്തി സ്കൂള്‍ ശുചിമുറിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സ്കൂള്‍ ശുചിമുറിയില്‍ നിന്നാണ് 20കാരന്റെ മൃതദേഹം കണ്ടെത്തിയത്.
കരണ്‍ എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സ്കൂളിലെ അധ്യാപകന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെതോടെയാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. കേസില്‍ കരണിന്റെ സുഹൃത്തുക്കളായ ആകാശ്, ശിവ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ജൂലൈ രണ്ടിന് മൂന്ന് പേരും സ്കൂളിൽ വന്നിരുന്നു. സംസാരത്തിനിടയിൽ കരൺ ആകാശിനേയും ശിവ കുമാറിനേയും കളിയാക്കി സംസാരിച്ചു. ഇരുവരുടേയും ശരീര വണ്ണത്തെക്കുറിച്ച് പറഞ്ഞാണ് കരൺ കളിയാക്കിയത്. ബോഡി ബില്‍ഡർ കൂടിയാണ് കരണ്‍. കൂട്ടുകാരന്റെ പരിഹാസം സഹിക്കാതെ വന്നപ്പോൾ എതിർത്ത് സംസാരിച്ചു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. ആകാശും ശിവകുമാറും ചേര്‍ന്ന് കരണിനെ അടിച്ചു വീഴ്ത്തി. കൈയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി. കരൺ മരണപ്പെട്ടെന്ന് ബോധ്യമായപ്പോൾ മൃതദേഹം ശുചിമുറിയിലെത്തിച്ച് ഇരുവരും കടന്നുകളഞ്ഞു.
സംഭവം നടന്ന് ഒരുമാസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മൂവരും എന്തിനാണ് സ്കൂളില്‍ എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓഗസ്റ്റ് നാലിന് മൃതദേഹം കണ്ടെത്തിയതിനത്തുടര്ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.