അമ്പലപ്പുഴ: സ്വകാര്യ ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരേയും എച്ച്. സലാം എംഎല്‍എക്കുമെതിരേ വിമര്‍ശനമുയര്‍ത്തി മുന്‍ മന്ത്രി ജി. സുധാകരന്. പുന്നപ്ര പുനര്‍ജനി പൈതൃക കലാകായിക സംരക്ഷണസമിയുടെ പത്താമത് വാര്‍ഷികം ഗവ. ജെ.ബി. സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചന്നമ്പ്യാര് സ്മാരകത്തിന് പേരുപോലും നല്‍കാതെ ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രദ്ധിക്കാതെപോയെന്നായിരുന്നു സാംസ്കാരിക മന്ത്രിക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. പ്രധാന കവാടത്തില്‍ കുഞ്ചന്നമ്പ്യാര് സ്മാരകമെന്ന് എഴുതാതെപോലുമാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ചന്‍നമ്പ്യാരുടെ പ്രതിമപോലും പൊളിച്ചു.
ഒരു പുരാവസ്തുവാണ് തകര്‍ത്തത്. അത് ഗൗരവമായ കാര്യമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകമാണ് ഇല്ലാതാക്കിയത്. അന്നത്തെ ശിലാസ്ഥാപനമോ ഫലകമോ ഒന്നും അവിടെയില്ല. ഇതൊന്നും മന്ത്രി ശ്രദ്ധിച്ചില്ലെന്നായിരുന്നു മുന്‍ മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ആക്ഷേപിച്ചെന്നാരോപിച്ചായിരുന്നു എംഎല്‍എക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. ജനങ്ങളുടെ അഭിപ്രായങ്ങളെ ഇത്തരം പോസ്റ്റിലൂടെ മാറ്റിമറിക്കാനാകില്ല. അതുകൊണ്ട് ഒരു വോട്ടുപോലും കിട്ടില്ല. പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ തെറ്റ് തിരുത്തുകയാണ് വേണ്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരെയെങ്കിലും നേരിട്ട് കളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും ജി. സുധാകരന് പറഞ്ഞു.
ചടങ്ങില്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിനെ ആദരിച്ചു. പുനര്‍ജനി രക്ഷാധികാരി കെ.വിജയന് അധ്യക്ഷത വഹിച്ചു. എസ്.ഡി. കോളജ് മലയാള വിഭാഗം മേധാവി ഡോ. എസ്.അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുള്ള പങ്ക് എന്ന വിഷയത്തില്‍ പുനര്‍ജനി പ്രസിഡന്റ് എ. കാസിം വിഷയാവതരണം നടത്തി.
സെക്രട്ടറി എന്‍. സോമന്, വര്‍ക്കിംഗ് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം എസ്. രമണന്, ജെ.ബി. സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന് എം.എം. അഹമ്മദ് കബീര്‍, പഞ്ചായത്തംഗം എ. നസീര്‍, കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.