ബംഗളൂരു: വില്‍സണ്‍ ഗാര്‍ഡനില്‍ ഇന്നലെ രാവിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസുകാരൻ മരിച്ചു. ഒന്‍പതുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നംഗ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. ഗൃഹനാഥന് രാവിലെ ജോലിക്കു പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയം വീട്ടിലുണ്ടായിരുന്നത്. തൊട്ടുതൊട്ട് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ പൊട്ടിത്തെറിയിൽ സമീപത്തെ ആറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തോട് അനുശോചനം അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.