ഇന്ത്യയുടെ എഡിസണ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയില്‍ ജി.ഡി. നായിഡുവിന്റെ വേഷത്തിലൂടെ മായാത്ത മുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്. മാധവന്. മാധവനെ നായകനാക്കി കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജിഡിഎന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം വര്‍ഗീസ് മൂലന് പിക്ചേഴ്സും ട്രൈകളര്‍ ഫിലിംസും മീഡിയ മാക്സ് എന്റടെയ്ന്മെന്റ്്സും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പോസ്റ്റര്‍ മാധവന് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം’ എന്ന അടിക്കുറിപ്പോടെ തന്റെ ആവേശവും പ്രകടിപ്പിച്ചു.
ബയോപിക്കിന്റെ ഇന്ത്യയിലെ ഷെഡ്യൂളില്‍ പ്രിയാമണി, ജയറാം, യോഗി ബാബു എന്നിവരും അഭിനയിക്കും. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. വര്‍ഗീസ് മൂലന്, വിജയ് മൂലന്, ആര്. മാധവന്, സരിത മാധവന് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ സോണല്‍ പണ്ടേ, സഞ്ജയ് ബെക്ടര്‍ എന്നിവര്‍ സഹനിര്‍മാതാക്കളാവുന്നു. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥന്‍ ആണ്.
പിആർഒ- പി. ശിവപ്രസാദ്.