കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം ഉണ്ടായില്ല.
വ്യാഴാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് എത്തിയിരുന്നു. ട്രോയ് ഔണ്‍സിന് 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 10,005 രൂപയും പവന് 80,040 രൂപയുമാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,795 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,030 രുപയുമാണ് വിപണി വില.
നിലനില്‍ക്കുന്ന സാഹചര്യങ്ങളെല്ലാം സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുകൂലമാണെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക