കണ്ണൂർ: മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശരീരരഭാരം കുറയ്ക്കുന്നതിനായ് ചോറ് പൂർണമായും ഒഴിവാക്കി. മാസങ്ങളായ് ചോറിനു പകരം ചപ്പാത്തിയാണ് കഴിച്ചത്. ചപ്പാത്തിയുടെ എണ്ണത്തിലും കുറവ് വരുത്തി. ചപ്പാത്തി മാത്രം കഴിച്ചാൽ മതിയെന്ന് ഡോക്ടറുടെ കൈയിൽ നിന്നും എഴുതി വാങ്ങിയ കുറിപ്പടി പ്രകാരമാണ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയത്.
ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിഞ്ഞ ഇയാൾ സെല്ലിലെ രണ്ട് കന്പികൾ മുറിച്ചാണ് പുറത്ത് കടന്നത്. ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു. ശേഷം ജയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു നിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങൾ നിണ്ട പരിശ്രമത്തിനൊടുവിൽ കന്പികൾ അൽപാൽപമായി മുറിച്ചു വച്ചു. മുറിച്ച് മാറ്റിയ കന്പികൾ മാറ്റി ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത്.
പുലർച്ചെ 1.10 ന് ജയിലിലെ ഒരു വാർഡൻ വന്ന് നോക്കുന്പോൾ പത്താം ബ്ലോക്കിലെ സെല്ലിന്റെ ചുമരിനോട് ചേർന്ന് കിടന്ന് പുതച്ച് മൂടി ഉറങ്ങുന്ന ഗോവിന്ദച്ചാമിയെ കണ്ടു. തണുപ്പ് ആയതിനാൽ കന്പിളി പുതച്ചിട്ടുണ്ടായിരുന്നു. കൊതുകുവലയും ഉണ്ടായിരുന്നു. വാർഡൻ തിരികെ പോയ ശേഷമാണ് ഇയാൾ ജയിൽ ചാടിയത്.
1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ക്വാറന്റൈന് ബ്ലോക്ക് വഴി കറങ്ങി ജയിലിനുള്ളിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളുമായി മതിലിനരികിലേക്ക് പോയി.
മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. കൈയിൽ കരുതിയ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.