കോട്ടയം: ജിഎസ്ടി പരിഷ്കാരം വിലക്കുറവിന്റെ ആശ്വാസം സമ്മാനിച്ചെങ്കിലും പലര്‍ക്കും ആശയക്കുഴപ്പം മാറിയിട്ടില്ല. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വില സംബന്ധിച്ച് ശ്രദ്ധയുണ്ടായില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും. സാധനങ്ങളുടെ സ്റ്റോക്ക് മിക്ക വ്യാപാരികള്‍ക്കും ആവശ്യത്തിനുണ്ട്. ഇന്നലെമുതല്‍ വില്ക്കുമ്പോള് പുതിയ ജിഎസ്ടി മാത്രമാണ് ഈടാക്കാന്‍ സാധിക്കുന്നത്. ഇതു വ്യാപാരികളെ സംബന്ധിച്ചു വലിയ ബുദ്ധിമുട്ടുണ്ടാക്കും.
അടുത്ത മാര്‍ച്ച് 31 വരെ പഴയ വില രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് ഉപയോഗിക്കാം. ഇക്കാരണത്താല്‍ പല കമ്പനികളും പഴയ എംആര്‍പി രേഖപ്പെടുത്തിയ പായ്ക്കറ്റുകളില്‍ സാധനങ്ങള്‍ വില്ക്കുന്നതു തുടരും. ഇക്കാര്യത്തില്‍ വ്യാപാരികളും ഉപയോക്താക്കളും തമ്മില്‍ തര്‍ക്കമുണ്ടായേക്കാം. കവറില്‍ വില മാറ്റിയിട്ടില്ലെങ്കിലും പുതുക്കിയ വില മാത്രമേ ഈടാക്കാവൂ. ഇത് ഉപയോക്താക്കള്‍ വ്യാപാരികളോട് ചേദിച്ച് മനസിലാക്കണം.
പരിഷ്കരിച്ച വിലവിവരപ്പട്ടിക വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതിനു കാലതാമസമുണ്ടാകും. ജിഎസ്ടി ഇളവിനു ശേഷമുള്ള പുതിയ വില നിലവിലെ പായ്ക്കിംഗ് കവറുകളില്‍ പ്രിന്റ് ചെയ്യാനോ സ്റ്റിക്കര്‍ പതിക്കാനോ അനുവാദമുണ്ട്. എന്നാല്‍ പഴയ വില മായ്ക്കാന്‍ പാടില്ല.
നികുതിയിളവ് ഉപഭോക്താക്കള്‍ക്ക് ബോധ്യമാകുവാന്‍ രണ്ടു വിലയുമുണ്ടാകണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.നികുതി അടയ്ക്കാത്ത ഇടത്തരം ചെറുകിട വ്യാപാരികള്‍ക്കേ പുതിയ പരിഷ്കാരം ബുദ്ധിമുട്ടുണ്ടാക്കുകയുള്ളൂവെന്നും മറ്റുള്ള വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ പറഞ്ഞു.
വിലക്കുറവിന്റെ നേട്ടത്തില്‍
വെണ്ണ, നെയ്യ്, പനീര്‍, ബ്രെഡ്, പായ്ക്കറ്റ് ചപ്പാത്തി, പഞ്ചസാര മിഠായികള്‍, 20 ലിറ്ററിന്റെ വാട്ടര്‍ ബോട്ടില്‍, ജാം, ചോക്ലേറ്റ്, കോണ്‍ഫ്ളേക്സ്, കേക്ക്, ബിസ്കറ്റ്, ഐസ്ക്രീം, പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് വില കുറയും. പാലിനു ജിഎസ്ടി ഇല്ലാത്തതിനാല്‍ വില കുറയില്ല.
നെയ്യ് ലിറ്ററിനു 720 രൂപയില്‍നിന്ന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്കു ലഭിക്കും. മില്‍മയുടെ വാനില ഐസ്ക്രീം ലിറ്ററിനു 220 രൂപയില്‍നിന്ന് 196 രൂപയായി. ജീവന് രക്ഷാമരുന്നുകള്‍ക്ക് വില കുറഞ്ഞത് പതിവായി മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസമായി. പ്രമേഹ മരുന്നുകള്‍, ഹിമോഫീലിയ മരുന്നുകള്‍, ശ്വാസകോശ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കു വില കുറയും. മെഴുകുതിരി, നാപ്കിന്, ടാല്‍കം പൗഡര്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഷേവിംഗ് ക്രീം, സോപ്പുകട്ട എന്നീ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നത് വളരെ ആശ്വാസമാകും.
ലോട്ടറി കമ്മീഷന് കുറയും, സമ്മാനവും
ലോട്ടറി മേഖലയില്‍ പുതിയ ജിഎസ്ടി വലിയ പ്രതിസന്ധി സൃഷ്ടിക്കും. ലോട്ടറി വില കൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമ്മാനങ്ങളുടെ എണ്ണവും കമ്മീഷനും കുറച്ച് പ്രതിസന്ധിയെ മറികടക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം. ആദ്യ നിരയിലെ സമ്മാനങ്ങള്‍ അതേപടി തുടരും. 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണമാണ് കുറയുക.പ്രൈസ് കമ്മീഷന് 12 ശതമാനത്തില്‍നിന്നും ഒമ്പത് ശതമാനമായി കുറച്ചിട്ടുണ്ട്. ഒരു ടിക്കറ്റിനു 75 പൈസയുടെ കമ്മീഷന് വില്പനക്കാര്ക്ക് കുറയും.
കാര്‍ഷിക, നിര്‍മാണ മേഖലയില്‍ നേട്ടം
കൃഷിക്ക് ഉപയോഗിക്കുന്ന ഡീസല്‍ എന്ജിന്, ഹാന്‍ഡ് പമ്പ്, സ്പ്രിങ്ക്ളര്‍, ട്രാക്ടറുകള്‍, ഡ്രിപ് ഇറിഗേഷനുള്ള നോസിലുകള്‍, മണ്ണ് ഒരുക്കുന്നതിനും തടം എടുക്കുന്നതിനുമുള്ള യന്ത്രങ്ങള്‍, തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍, കംപോസ്റ്റ് മെഷീനുകള്‍, ഹാന്‍ഡ് കാര്‍ട്ട്, മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങള്‍, വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ വില കുറയുന്നത് ആശ്വാസുമാണ്.
സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ വില കുറയുന്നത് നിര്‍മാണ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കും. നിര്‍മാണ സാധനങ്ങള്‍ക്ക് അടുത്ത നാളില്‍ വലിയ തോതില്‍ വില വര്‍ധിച്ചിരുന്നു. സിമന്റിന് ഒരു ചാക്കിനു 30 രൂപമുതല്‍ 50 രൂപവരെ കുറവുണ്ടാകുമെന്നാണു കരുതുന്നത്.