തിരുവനന്തപുരം: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്. 12 വര്‍ഷത്തെ ശമ്പള കുടിശിഖ ലഭിക്കാനായി ഒരു അധ്യാപികയും ഭര്‍ത്താവും അനുഭവിച്ച ദുരിതം ചുവപ്പ്നാടയുടെ ഉദാഹരണമാണ്.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശമ്പള കുടിശിഖയുടെ കാര്യം പുറത്തുകൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. ആരും അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ശമ്പളകുടിശിക കിട്ടാത്തതിന്റെ ഉത്തരവാദി ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സുധാകരന് വ്യക്തമാക്കുന്നു. ഒരു ദിനപത്രത്തില്‍ ഇന്ന് എഴുതിയ ലേഖനത്തിലാണ് സുധാകരന് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
3.5 ലക്ഷം ഫയലുകള്‍ കെട്ടികിടക്കുകയാണ്. ഉദ്യോഗസ്ഥരോട് ഉപദേശം കൊണ്ട് കാര്യമില്ലെന്നും സുധാകരന് വിമര്‍ശിക്കുന്നു. ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂട പരാജയമാണെന്നാണ് സുധാകരന്റെ വിമര്‍ശനം. പത്തനംതിട്ട സംഭവം ഒരു ചൂണ്ടുപലകയാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ അനുഭവം.
സെക്രട്ടറിയേറ്റില്‍ മാത്രം 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമാണ് നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്റെ ലേഖനത്തില്‍ പറയുന്നു..