ന്യൂഡൽഹി: ഉത്തരാഖണ്ഡിനു പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ ചർച്ചനടത്തി. ചർച്ചയിൽ കരട് രേഖയെക്കുറിച്ച് തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്.
ഇനി സംസ്ഥാന സർക്കാർ കരട് രേഖയിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. ഗുജറാത്ത് നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയാറാക്കിയത്. അന്തിമ റിപ്പോർട്ട് ഉടനെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.