മോസ്കോ: റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനിടെ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഈ മാസം അവസാനം മോസ്കോയിലെത്തും.
സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച നിലപാടുകളുടെ സാഹചര്യത്തിൽ ഡോവലിന്റെ സന്ദർശനത്തിന് പ്രസക്തിയേറുന്നു.പ്രതിരോധ വ്യവസായ സഹകരണം സംബന്ധിച്ച ചർച്ചകൾ ഡോവൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങൽ, ഇന്ത്യയിൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, റഷ്യയുടെ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓപ്ഷനുകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടേക്കാം.സ്വതന്ത്ര വിദേശനയം പിന്തുടരാനും ദേശീയ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം നിലനിർത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്.
എസ്. ജയശങ്കർ 27, 28ന് റഷ്യ സന്ദർശിക്കും. പ്രതിരോധം, ഊർജം, വ്യാപാര ചർച്ചകളിൽ അദ്ദേഹത്തിന്റെ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തും. സാങ്കേതിക, സാമ്പത്തിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷന്റെ സഹ അധ്യക്ഷനായി റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.