മുംബൈ: ചരിത്ര നിമിഷം പിറക്കുമോ എന്നറിയാൻ ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി. ഐസിസി ഏകദിന ലോകകപ്പ് കിരീടമെന്ന ലക്ഷ്യം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും കാലിടറിയില്ലെങ്കിൽ ഫൈനൽ ബർത്തുറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പോരാടിയപ്പോൾ ഓസീസ് ജയം നേടിയെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ഡിവൈ സ്പോർട്സ് അക്കാഡമി നവി മുംബൈ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നിനാണ് മത്സരം.
അവസാനം അകത്ത്
സ്വന്തം മണ്ണിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച് ആത്മവിശ്വാസത്തോടെ ഇന്ത്യ തുടങ്ങി. എന്നാൽ, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പാാജയപ്പെടുത്തി പുറത്താകലിന്റെ വക്കിലെത്തിച്ചു. ഓസ്ട്രേലിയ പൊരുതി ഇന്ത്യയെ മറികടന്നെങ്കിൽ, പ്രോട്ടീസിനും ഇംഗ്ലണ്ടിനും ജയം നൽകിയത് ഇന്ത്യയുടെ വീഴ്ചകളായിരുന്നു. ഒടുവിൽ ന്യൂസിലൻഡിനെ തകർത്ത് സെമിയിൽ നാലാം സ്ഥാനക്കാരായി കിരീട പ്രതീക്ഷ നിലനിർത്തി.
കരുത്ത്
കരുത്ത് സ്മൃതി മന്ദാനയുടെ ബാറ്റ് തന്നെയാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സ്മൃതി ഫോമിലേക്ക് മടങ്ങിയെത്തി. ലോകകപ്പിലെ റണ്‍വേട്ടക്കാരിൽ ഏഴ് ഇന്നിംഗ്സുകളിൽനിന്ന് 365 റണ്‍സുമായി മുന്നിലുണ്ട് താരം. രണ്ട്് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടങ്ങുന്ന ഇന്നിംഗ്സ്. എന്നാൽ സഹ ഓപ്പണർ പ്രതീക റാവൽ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്.
റണ്‍വേട്ടയിൽ രണ്ടാമതുള്ള പ്രതീക ടൂർണമെന്റിൽ മിന്നും ഫോമിലായിരുന്നു. പകരം വരുന്ന ഷഫാലി വർമ ഫോം കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ജമീമ റോഡ്രിഗസ്, ഹർമൻപ്രീത്, ദീപ്തി ശർമ, ഹർളീൻ ഡിയോള്‍, റിച്ച ഘോഷ് എന്നിവരെല്ലാം ടൂർണമെന്റിൽ മികവ് കാട്ടിയവരാണ്. ദീപ്തി ശർമ, ശ്രീ ചരണി, ക്രാന്തി ഗൗഡ് എന്നിവരാണ് ബൗളിംഗിൽ ഇന്ത്യയുടെ ശക്തി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസീസ് ബാറ്റർമാർക്ക് വെല്ലുവിളിയുയർത്തിയത് ശ്രീ ചരണിയും ദീപ്തിയുമായിരുന്നു.
ശക്തരായ ഓസ്ട്രേലിയ
ടൂർണമെന്റ് പുരഗോമിക്കും തോറും കൂടുതൽ ശക്തിപ്രാപിക്കുന്ന ഓസ്ട്രേലിയയെയാണ് കണ്ടത്. അലീസ ഹീലി, ആഷ്ലി ഗാർഡനർ, ഫീബി ലിച്ച്ഫീൽഡ്, ബെത്ത് മൂണി, എലീസ് പെറി തുടങ്ങിയ ബാറ്റിംഗ് നിരയിലുൾപ്പെട്ടവരെല്ലാം ഫോം കണ്ടെത്തി. ബൗളിംഗിൽ പേസർ അന്നബൽ സതർലൻഡാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്, 15 വിക്കറ്റുകൾ. ടൂർണമെന്റിൽ ഏറ്റവും മികച്ച ശരാശരിയുള്ള ബൗളറായ അലനയും ഫോമിലുള്ളത് ഓസീസിന് ആശ്വാസമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അലന എട്ട് വിക്കറ്റുകൾ പിഴുതത്.

