വിജയ് ഹസാരെ: കേരളത്തിന് രണ്ടാം ജയം

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകർത്താണ് കേരളം വിജയവഴിയിൽ തിരിച്ചെത്തിയത്. ഓപ്പണർ വിഷ്ണു വിനോദിന്‍റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

91 പന്തിൽ 11 സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പടെ 123 റണ്‍സ് അടിച്ചുകൂട്ടിയ വിഷ്ണുവിന്‍റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റിന് 296 റണ്‍സ് നേടി. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റണ്‍സിന് പുറത്തായി.

മികച്ച ഫോം തുടരുന്ന വിഷ്ണുവിന്‍റെ ടൂർണമെന്‍റിലെ രണ്ടാം സെഞ്ചുറിയാണിത്. സ്ഥാനം മാറി ഓപ്പണറായി ഇറങ്ങിയ നായകൻ റോബിൻ ഉത്തപ്പ (6) ഒരിക്കൽ കൂടി പരാജയമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ (16) കൂടി വീണെങ്കിലും വിഷ്ണു ഒരറ്റത്ത് തകർത്തടിച്ചു. മൂന്നാം വിക്കറ്റിൽ മുൻ നായകൻ സച്ചിൻ ബേബിക്കൊപ്പം (34) 93 റണ്‍സ് കൂട്ടിച്ചേർത്ത വിഷ്ണു ഒരിക്കൽ പോലും സ്കോർ ബോർഡിൽ റണ്‍നിരക്ക് താഴ്ത്തിയില്ല.

32-ാം ഓവറിൽ വിഷ്ണു പുറത്താകുമ്പോൾ 194/5 എന്ന നിലയിലായിരുന്നു കേരളം പിന്നീട് ജലജ് സക്സേനയെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ നടത്തിയ പോരാട്ടമാണ് കേരളത്തിനെ മികച്ച സ്കോറിൽ എത്തിച്ചത്. 53 പന്തിൽ അസ്ഹറുദ്ദീൻ 56 റണ്‍സ് നേടി. സക്സേന 34 റണ്‍സ് നേടി പുറത്തായി.

അവസാന ഓവറിൽ രണ്ടു സിക്സറുകൾ പറത്തിയ അക്ഷയ് ചന്ദ്രൻ ഒൻപത് പന്തിൽ 18 റണ്‍സോടെ പുറത്താകാതെ നിന്നു. ഛത്തീസ്ഗഡിന് വേണ്ടി വീർ പ്രതാപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ശശാങ്ക് ചന്ദ്രാകറിനെ ഛത്തീസ്ഗഡിന് നഷ്ടമായി. മുഹമ്മദ് ആസിഫിന്‍റെ പന്തിൽ കീപ്പർ അസ്ഹറുദ്ദീൻ പിടിച്ചാണ് ചന്ദ്രാകർ (1) പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജീവൻജ്യോത് സിംഗും (56), അശുതോഷ് സിംഗും (77) ഛത്തീസ്ഗഡിനെ കരകയറ്റി. സഖ്യം 105 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ സന്ദീപ് വാര്യർ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ എത്തിയ ഹർപ്രീത് സിംഗ് ബാട്ടിയ (26) പൊരുതിയെങ്കിലും ഒരിക്കൽ കൂടി സന്ദീപ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന അശുതോഷിനെ കൂടി വീഴ്ത്തി സന്ദീപ് ഛത്തീസ്ഗഡിന്‍റെ വിജയപ്രതീക്ഷ ഇല്ലാതാക്കി. മധ്യനിരയും വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ കേരളത്തിന്‍റെ രണ്ടാം ജയം അനായാസമായി. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രൻ നാലും സന്ദീപ്, ആസിഫ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

Related posts