ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. പാർപ്പിച്ച സമുച്ചയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരാണ് പിടിയിലായവർ.
സംഭവത്തിൽ ഇതുവരെ 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 37കാരനായ അഗ്നിശമനസേനാംഗവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
നഗരത്തിന്റെ വടക്ക് തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിടസമുച്ചയത്തിൽ ഇന്നലെ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4,600ലേറെ പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഇന്നലെ രാത്രിയായിട്ടും തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ തീ അതിവേഗം പടരാൻ ഇടയാക്കി.

