ചാരുംമൂട്: കോടികൾ വിനിയോഗിച്ച് നിർമിക്കുകയും ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിലെ സ്പെഷാലിറ്റി ആശുപത്രി കെട്ടിടം മഴയത്ത് ചോരുന്നു.
കെട്ടിടത്തിന്റെ പല ഭാഗത്തും സീലിംഗ് ഇളകി മഴവെള്ളം വരാന്തയിലേക്കു വീഴുകയാണ്. ടൈൽ പാകിയ തറയിൽ ആളുകൾ തെന്നിവീഴാതിരിക്കാനായി കാർഡ് ബോർഡുകൾ നിരത്തിയിരിക്കുകയാണ്.
കായംകുളം-പുനലൂർ സംസ്ഥാന പാതയോടുചേർന്നുള്ള ആശുപത്രിയിൽ അഞ്ഞൂറിൽപ്പരം ആളുകൾ പ്രതിദിനം ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കെട്ടിടം നിർമിക്കാൻ 28.53 കോടി രൂപയാണ് ചെലവഴിച്ചത്. 300 കിടക്കകളുള്ള ഒന്നാം ബ്ലോക്കിൽ 144 കിടക്കകളിലേക്കും 16 ഐസിയു കിടക്കകളിലേക്കും പൈപ്പുവഴി ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ഒപി, ഐപി ബ്ലോക്കുകൾ, 200 കെവിഎ ജനറേറ്റർ സംവിധാനവുമുള്ള ആശുപത്രി പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഇതോടൊപ്പം പണിത മറ്റൊരു കെട്ടിടത്തിൽ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നഴ്സിംഗ് കോളജ് പ്രവർത്തിക്കുന്നുണ്ട്.