തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ എന്‍. പ്രശാന്തിന്റെ മറുപടി തള്ളി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് നല്കിയ മറുപടിയിലെ ന്യായങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ.ഗോപാലകൃഷ്ണന് എന്നിവരെ സമൂഹ സാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍വീസില്‍നിന്നും പ്രശാന്തിനെ സസ്പെന്റ് ചെയ്ത് ഒന്‍പത് മാസം പിന്നിട്ടശേഷമാണ് പുതിയ നടപടി. പ്രശാന്തിനെതിരെ നല്കിയ കുറ്റപത്ര മെമ്മോയിലെ കാര്യങ്ങള്‍ നിഷേധിച്ചും തന്റെ വാദങ്ങള്‍ ന്യായികരിച്ചുമാണ് മറുപടി നല്‍കിയിരുന്നത്. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സസ്പെന്‍ഷനിലായി ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ചട്ടം ലംഘിച്ചാണ് സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശനം ഉയരുന്നു. പ്രശാന്തിനെ സസ്പെന്റ് ചെയ്തിട്ട് ഒന്‍പത് മാസം പിന്നിട്ടു. കൂടാതെ സസ്പെന്ഷന് മൂന്ന് തവണ നീട്ടുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ നടപടിയില്‍ നിരവധി പാകപിഴകള്‍ ഉണ്ടെന്നാണ് പ്രശാന്തിന്റെ വാദം. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ശാരദ മുരളീധരന് വിരമിക്കുന്നതിന് മുന്‍പ് പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, ഈ നിര്‍ദേശവും റിപ്പോര്‍ട്ടും നിലവിലെ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രശാന്തിനെതിരെയുള്ള അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെയാണ് . സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രശാന്ത് കത്ത് നല്‍കിയിരുന്നു. എന്നാൽ, തിരിച്ചെടുക്കുന്ന കാര്യം നടക്കാതിരിക്കെയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രശാന്ത് നിയമ നടപടികളിലേക്ക് കടക്കുമോയെന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാകും.