തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐബി ഉദ്യോഗസ്ഥയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ ഐടിഐ പ്രിൻസിപ്പൾ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളായ മേഘ (25) യെയാണ് ഇന്നലെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പോലീസിലും ഐബി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ.
റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വരികയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് പോലീസിൽ മൊഴി നൽകിയത്. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. മരണത്തിനു തൊട്ടു മുൻപ് യുവതി സംസാരിച്ച മൊബൈൽ നന്പർ കേന്ദ്രീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഐബി യും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു സംഭവം. ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
യുവതിയുടെ ഐഡി കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിമാനത്താവളത്തിലെ ജീവനക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മേഘയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു.