തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്.
വാർത്തയ്ക്ക് പിന്നാലെ, തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
അതേസമയം, ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്.
രാമക്കല്‍മേട്ടിലെ തോവാളപടിയിൽ ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. പാമ്പുമുക്ക് സ്വദേശിയുടെ കാറാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു.
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലാതെയെന്ന് വിമർശനം
