ഇന്ത്യൻ സിനിമയിൽ ഒട്ടവനധി ടാറ്റു പ്രേമികളായ താരങ്ങളുണ്ട്. പലരും ജീവിതവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളോ ഒക്കെയാണ് ടാറ്റുവായി തങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്നത്.
താരങ്ങളുടെ പുത്തൻ ടാറ്റുകൾ കാണുമ്പോൾ അർഥമെന്താണെന്ന് ആരാധകർ തിരക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചചെയ്യുന്നത് നടി ഇല്യാന ഡിക്രൂസിന്റെ കൈയിലെ ടാറ്റുവാണ്.
കൈപ്പത്തിയിൽ കൃത്യമായ അകലത്തിൽ മൂന്ന് കുത്തുകളാണ് ടാറ്റുവായി ഇല്യാന ചെയ്തിരിക്കുന്നത്. ആരാധകർക്കായി ഇൻസ്റ്റഗ്രാം വഴി ഒരുക്കിയ ചോദ്യോത്തരവേളയിൽ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് ഇല്യാന ടാറ്റുവിന്റെ പിന്നിലുള്ള കാര്യം വെളിപ്പെടുത്തിയത്.
കൈയിലുള്ള ആ മൂന്ന് ഡോട്ടുകൾ എന്താണ് അർഥമാക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടൻ ഇല്യാനയുടെ മറുപടിയെത്തി. ടാറ്റുവിന്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
അതിൽ ഒരു വലിയ കുത്തും രണ്ട് ചെറിയ കുത്തുകളുമാണുള്ളത്. ആ കുത്തുകൾ എന്റെ സഹോദരിമാരെയും എന്നെയും സൂചിപ്പിക്കുന്നു. ചെറിയ കുത്തുകൾ എന്റെ സഹോദരിമാരും വലിയ കുത്ത് താനുമാണെന്ന് ഇല്യാന പറഞ്ഞു.
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തന്റെ അച്ഛനോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ടാറ്റുവാണ് ശരീരത്തിൽ കുത്തിയിരിക്കുന്നത്. ഡാഡീസ് ലിറ്റിൽ ഗേൾ എന്നാണ് പ്രിയങ്ക കൈത്തണ്ടയിൽ എഴുതിയിരിക്കുന്നത്. അതുപോലെ നടൻ അക്ഷയ് കുമാർ തന്റെ മകന്റെ പേരാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്.
നടനും സംവിധായകനുമായ അജയ് ദേവ്ഗൺ ശിവന്റെ രൂപമാണ് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്.ഒരു മാലാഖയുടെ രൂപമാണ് നടി കങ്കണ റണൗത്ത് പച്ചകുത്തിയിരിക്കുന്നത്. നടി സാമന്ത തന്റെ മുൻ ഭർത്താവായിരുന്ന നാഗചൈതന്യയുടെ പേരായിരുന്നു ശരീരത്തിൽ പച്ച കുത്തിയിരിക്കുന്നത്.