
ഉപ്പുതറ: വേനൽ കനത്തതോടെ വാഗമണ്‍ പൈൻ പാർക്കിലേക്കുള്ള സഞ്ചാരികളുടെ തിരക്കും വർധിച്ചു. ഇളംകാറ്റേറ്റ് പ്രകൃതിരമണീയത ആസ്വദിക്കാനാണ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്.
വേനലിന്റെ കാഠിന്യം അൽപംപോലും ഏശാത്ത പ്രദേശമാണ് വാഗമണ്‍ കോലാഹലമേട് പൈൻ പാർക്ക്. ഏതു ചൂടിലും ഇവിടെ എത്തിയാൽ കുളിർമയാണ്.
90 ഡിഗ്രി ചരിഞ്ഞുകിടക്കുന്ന പ്രദേശത്താണ് പൈൻ മരങ്ങൾ ഇടതൂർന്നുനിൽക്കുന്നത്. ഇത് കണ്ണിന് കുളിർമയേകും. പൈൻകാടുകളെ തഴുകി കടന്നുപോകുന്ന മന്ദമാരുതൻ ഏതു ചൂടിനേയും തണുപ്പിക്കും.
ദൂരെ സ്ഥലങ്ങളിൽനിന്നും ചൂടിൽനിന്നു രക്ഷനേടാനും തണുപ്പ് ആസ്വദിക്കാനുമായി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്.
പ്രകൃതിയുടെ വരദാനമായ പൈൻകാട് മുന്‍പ് വനംവകുപ്പിന്റെ കൈവശമായിരുന്നു. എന്നാലിന്ന് വാഗമണ്‍ ഡിഎംസിയാണ് ഇതിന്റെ സൂക്ഷിപ്പുകാർ.
മുന്‍പ് മാലിന്യംകൊണ്ട് നിറഞ്ഞിരുന്ന പൈൻ കാട് ഡിഎംസി ഏറ്റെടുത്തതുമുതൽ മാലിന്യമുക്തമായി. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമായി.
പുലർച്ചെ ഉണ്ടാകുന്ന മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് ഏറെ ആസ്വാദ്യകരമാണ്. മധ്യവേനൽ ആരംഭിക്കുന്പോൾ ഇവിടെ വലിയ തിരക്കുണ്ടാകുമെന്നാണ് ഡിഎംസി പ്രതീക്ഷിക്കുന്നത്.