ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിൽ ചേരാനായി രാജ്യം വിടാനായിരുന്നു ഉദ്ദേശമെന്ന് ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അബു യൂസഫിന്റെ വെളിപ്പെടുത്തൽ.
രാജ്യം വിടുന്നതിന് മുന്പായി ഡൽഹിലും മറ്റുമായി ആക്രമണം നടത്താൻ നിർദേശം കിട്ടിയത് ഐഎസിൽ നിന്നാണെന്നും ഡൽഹി പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കി.
ഇന്ത്യയിൽ ആക്രമണം നടത്തിയ ശേഷം ഐഎസിൽ ചേരാനായി രാജ്യം വിടാനായിരുന്നു ഉദ്ദേശം. കുടുംബവുമായി അഫ്ഗാനിലോ സിറിയയിലോ പോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അബു യൂസഫ് പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് ഡൽഹി പോലീസ് ഏറ്റുമുട്ടലിലൂടെ അബു യൂസഫിനെ പിടികൂടിയത്. യുപിയിലെ ബൽറാംപുർ സ്വദേശിയാണ് ഇയാൾ.
കോടതിയിൽ ശനിയാഴ്ച ഹാജരാക്കിയ ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനായി എട്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി നഗരത്തിലെ കരോൾബാഗിനും ദൗള കുവായ്ക്കും ഇടയിലുള്ള റിഡ്ജ് റോഡിലാണ് ഏറ്റുമുട്ടലിലൂടെ അബു യൂസഫിനെ ഡൽഹി പോലീസ് സ്പെഷൽ സെൽ കീഴടക്കിയത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെങ്കിലും കനത്ത സുരക്ഷയെത്തുടർന്നു ഭീകരാക്രമണം നടത്താനായില്ലെന്നു ഡൽഹി പോലീസ് സ്പെഷൽ സെൽ ഡിസിപി പി.എസ്. കുഷവാഹ പറഞ്ഞു. ഒരു വർഷത്തോളമായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.