ന്യൂഡൽഹി: ബോക്സിംഗ് റിംഗിലെ ഇന്ത്യൻ ഇതിഹാസം എം.സി. മേരി കോം വിരമിച്ചെന്നും ഇല്ലെന്നും റിപ്പോർട്ട്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിംഗ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാൽ വിരമിക്കാൻ തീരുമാനിച്ചതെന്ന് ഇന്നു പുലർച്ചെ മേരി കോം പ്രഖ്യാപിച്ചിരുന്നു.
ഇത് വാർത്തയായതോടെ തിരുത്തലുമായി അവർ രംഗത്തെത്തി. ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്നു മാത്രമാണു താൻ പറഞ്ഞതെന്നും മത്സരങ്ങൾക്കായി താൻ ഇപ്പോഴും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മേരി കോം പിന്നീട് പറഞ്ഞു.
ആറുതവണ ലോക ചാന്പ്യനും ഒളിംപിക് മെഡലിസ്റ്റുമാണു നാൽപത്തിയൊന്നുകാരിയായ മേരി കോം.‘ബോക്സിംഗിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല.
ബോക്സിംഗിൽനിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’- എന്നാണു മേരി കോം ആദ്യം പറഞ്ഞത്.
ആറു തവണ ലോക ചാന്പ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റിക്കാർഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്.
2003ൽ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016- 2022ൽ രാജ്യസഭാംഗമായിരുന്നു.

