ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ ഉടമ ജ്യോതി മൽഹോത്രയാണ് സൈബറിടങ്ങളിൽ ഉൾപ്പെടെ ചർച്ച. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവച്ചതിന് കഴിഞ്ഞദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇവരെ സൂക്ഷിക്കണമെന്നും ഇവർ ചാരയാണെന്നും പറഞ്ഞ് ഇന്ത്യക്കാരൻ കപിൽ ജയിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
‘എൻഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. ആദ്യം അവൾ പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. അവൾ ഇപ്പോൾ കാഷ്മീരിലേക്ക് പോകുകയാണ്. ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം’ എന്നാണ് കപിൽ ജയിന് എഴുതിയ കുറിപ്പില്‍ പറയുന്നത്.
ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കപിലിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കൃത്യം ഒരു വർഷം മുൻപ്തന്നെ ഇവരുടെ നീക്കം കണ്ട് പിടിച്ച നിങ്ങൾ പുലിയാണെന്നാണ് പലരും അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞിരിക്കുന്നത്.