പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെണ്കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണിത്തോട് കരിമാന്തോട് ആനക്കല്ലിങ്കല് വീട്ടില് ഡാനിയേലിനെയാണ് (75) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വര്ഗീസ് ശിക്ഷിച്ചത്.
ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യന് ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള് പ്രകാരം 33 വര്ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല് അധിക തടവ് അനുഭവിക്കണമെന്നും വിധിയില് പറയുന്നു.
2024 മാര്ച്ച് 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള് ഉണ്ടായത്. അയല്വാസിയായ ആറു വയസുകാരിക്കൊപ്പം തന്റെ വീട്ടില് കളികളില് ഏര്പ്പെട്ടിരിക്കുകയായിരുന്നു പത്തുവയസുകാരി. ഇവരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയത്.പത്തുവയസുകാരിക്കെതിരേയുള്ള കേസ് തണ്ണിത്തോട് പോലീസ് ഇന്സ്പെക്ടര് ആയിരുന്ന ആര്. ശിവകുമാര് ആയിരുന്നു അന്വേഷിച്ചത്.
രണ്ടാമത്തെ കുട്ടി പട്ടികജാതി വിഭാഗത്തില്പ്പെട്ടതായതിനാല് കോന്നി ഡിവൈഎസ്പി ആയിരുന്ന പി. നിയാസാണ് കേസിന്റെ അന്വേഷണം നടത്തി കോടതിയില് കുറ്റപത്രം സമര്പ്പിച്ചത്. ഡിഎന്എ പരിശോധനാ ഫലം വരാന് വൈകിയതുകാരണമാണ് വിധി പറയുന്നതില് താമസമുണ്ടായത്. വിചാരണ പൂര്ത്തിയാക്കിയ ജഡ്ജ് തന്നെ, സ്ഥലം മാറി പോകുന്നതിനു മുമ്പ് കേസുകളില് വിധി പ്രഖ്യാപിച്ചത് സവിശേഷതയായി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് റോഷന് തോമസ് കോടതിയില് ഹാജരായി. എഎസ് ഐ ഹസീന, സിപിഒ അപര്ണ എന്നിവര് പ്രോസിക്യൂഷന് നടപടികളില് സഹായികളായി. ഇരു കേസുകളിലെയും അതിജീവിതകള്ക്ക് പുനരധി വാസത്തിനുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാന് ജില്ലാ ലീഗല് സര്വീസ് അഥോറിറ്റിക്ക് കോടതി നിര്ദേശം നല്കി.