ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്ത്മ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്.
1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ)
വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
2. സ്റ്റിറോയ്ഡുകള്‍
വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ.
ആസ്ത്മയുടെ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍
നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാം.
പ്രധാനമായും ശ്വാസനാളങ്ങളുടെ വീക്കം (Airway remodelling) ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ആസ്തമ നിയന്ത്രണ വിധേയമല്ലാത്ത ആളുകളില്‍ ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടി വന്നേക്കാം. അതുപോലെതന്നെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയാനും സാധ്യത കൂടുതലാണ്.
ദീര്‍ഘകാല ആസ്തമ ദൈനംദിന പ്രവര്‍ത്തനങ്ങളെ- ജോലി, ഉറക്കം, വ്യായാമം- എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചികിത്സയോടു പ്രതികരിക്കാത്ത ആസ്ത്മ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ ശ്വസനപരാജയം തുടങ്ങിയ ഗുരുതര സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
ശരിയായ ഇന്‍ഹേലർ ഉപയോഗത്തിലൂടെയും അതിനോടൊപ്പംതന്നെ ആസ്ത്മ രോഗത്തിന്റെ പ്രേരണ ഘടകങ്ങള്‍ മനസിലാക്കി അവ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.
- വിവരങ്ങൾക്കു കടപ്പാട്:
ഡോ. ആൻ മേരി ജേക്കബ്,
കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം