ദിവസവും റെഡിറ്റിൽ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെ ജോലിക്കെടുക്കാതെ, തനിക്ക് ലഭിച്ച റിജക്ഷൻ മെയിലാണ് സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ചിരിക്കുന്നത്.
‘സീനിയർ ഫ്രണ്ട്-എൻഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ചതിന് നന്ദി. നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം, നിങ്ങൾ ഒരു റോബോട്ട് ആണെന്നാണ് ഞങ്ങൾ മനസിലാക്കിയിരിക്കുന്നത്. നിങ്ങളുടെ അപേക്ഷയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നില്ല’ എന്നായിരുന്നു യുവാവിന് ലഭിച്ച റിജക്ഷൻ മെയിൽ.
‘ഞാനൊരു റോബോട്ടല്ല എന്ന് ഞാൻ ഉറപ്പ് തരാം. എന്തുകൊണ്ടാണ് ഞാനൊരു റോബോട്ടാണ് എന്ന് നിങ്ങൾക്ക് തോന്നിയത്. നിങ്ങളൊരു റോബോട്ടല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ’ എന്ന് ചോദിച്ചു കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തത്. എന്തുകൊണ്ടാണ് നിങ്ങളെ അവർ ഒരു റോബോട്ട് ആയി കണ്ടതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ലന്നാണ് പലരും അഭിപ്രായപ്പെട്ടത്.