ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളില്‍ കടലാക്രമണം നാശം വിതച്ചു തുടങ്ങി. ആറാട്ടുപുഴ പഞ്ചായത്തിലെ കാര്‍ത്തിക ജംഗ്ഷനിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് ഭാഗത്തുമാണ് കൂടുതല്‍ അപകടാവസ്ഥ നിലനില്‍ക്കുന്നത്. ഇവിടെ രണ്ടിടങ്ങളിലും കടല്‍ഭിത്തി തീരെ ദുര്‍ബലമാണ്. ആറാട്ടുപുഴ പടിഞ്ഞാറെ ജുമാ മസ്ജിദിനു വടക്കുഭാഗം മുതല്‍ കാര്‍ത്തിക ജംഗ്ഷന് വരെയുള്ള ഭാഗത്ത് ഇന്നലെയും കടലാക്രമണം നാശം വിതച്ചു.
കരയിലേക്ക് അടിച്ചുകയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. തീരദേശ റോഡില്‍ മണലടിഞ്ഞു. വീട്ടുകാരും കച്ചവടക്കാരും ദുരിതത്തിലായി. വരും ദിവസങ്ങളില്‍ ഇവരുടെ ജീവിതം കൂടുതല്‍ പ്രയാസത്തിലാകും. വീട്ടുവളപ്പിലേക്ക് വെള്ളം കയറാതിരിക്കാന്‍ മണല്‍ച്ചാക്ക് കൊണ്ട് പ്രതിരോധം തീര്‍ത്തെങ്കിലും ഫലമില്ല. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ ചേലക്കാട് ഭാഗത്ത് 40 വര്‍ഷം മുന്‍പ് നിര്‍മിച്ച കടല്‍ഭിത്തി പൂര്‍ണമായും മണ്ണില്‍ താഴ്ന്നതിനാല്‍ ചെറിയൊരു തിരമാല പോലും പ്രതിരോധിക്കാനുള്ള ശേഷിയില്ല.
കടല്‍ഭിത്തി
തൊട്ടടുത്തു വരെ പുലിമുട്ട് ഉള്ളതിനാല്‍ തിരമാലയുടെ ശക്തി ഈ ഭാഗത്തേക്ക് കേന്ദ്രീകരിച്ചതാണ് കടല്‍ഭിത്തിയുടെ തകര്‍ച്ചയ്ക്കു കാരണം. ഇത് മുന്‍കൂട്ടി കണ്ടു പ്രതിരോധം ശക്തമാക്കാന്‍ അധികാരികള്‍ ശ്രമിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ചേലക്കാട് ക്ഷേത്രത്തിന് പടിഞ്ഞാറ് കാട്ടാശേരില്‍ ഭാഗം മുതല്‍ വടക്കോട്ട് പാനൂര്‍ പള്ളിമുക്ക് വരെയും പുത്തന്‍പുര ജംഗ്ഷന് മുതല്‍ വടക്കോട്ട് പല്ലന കുറ്റിക്കാട് വരെയും കുമാരകോടി ജംഗ്ഷന് മുതല്‍ വടക്കോട്ട് ചന്തയ്ക്ക് തെക്ക് വരെയും മധുക്കല്‍ ജംഗ്ഷന് വടക്കുഭാഗം മുതല്‍ പള്ളിപ്പാട്ട് മുറി വരെയും കടലാക്രമണ ഭീഷണി ശക്തമാണ്.
ആറാട്ടുപുഴ പഞ്ചായത്തില്‍ എസി പള്ളി മുതല്‍ വടക്കോട്ട് കാര്‍ത്തിക ജംഗ്ഷന് വരെയും പത്തിശേരി, പെരുമ്പള്ളി ഭാഗങ്ങളിലും കടലാക്രമണം ഭീഷണി ഉയര്‍ത്തുന്നു.
മണല്‍ നിറച്ച്
എംഇഎസ് ജംഗ്ഷന് ഭാഗത്തും തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ഭാഗങ്ങളിലും താത്കാലികമായി ജിയോബാഗ് അടുക്കിയിട്ടുണ്ടെങ്കിലും വലിയ കടലാക്രമണത്തെ അതിജീവിക്കുമോ എന്ന് ആശങ്ക തീരവാസികള്‍ക്കുണ്ട്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അഴീക്കലില്‍നിന്ന് വിലയ്ക്കു വാങ്ങിയ ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് വീടിനു പിറകിലായി കടലേറ്റ പ്രതിരോധ സംവിധാനം ഒരുക്കിയിരിക്കുന്നത് മാത്രമാണ് ഇപ്പോഴുള്ള താത്കാലിക പരിഹാരം.
കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും കടലേറ്റ പ്രതിരോധ സംവിധാനം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ ഇറിഗേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്റ്റ് ഹൗസിനു സമീപം, ചേലക്കാട്, പ്രണവം ജംഗ്ഷന് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. തീരദേശ റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലേക്ക് ഇപ്പോഴും കടല്‍ കയറുന്ന അവസ്ഥയുണ്ട്. തീരദേശ റോഡില്‍ മണ്ണുമൂടുന്ന അവസ്ഥ ഉണ്ടായെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല.