തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻ അറസ്റ്റിൽ. അസഹനീയമായ വയറുവേദനയെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസിലാക്കിയത്.
ഉടൻതന്നെ ആശുപത്രി അധികൃതർ അയിരൂർ പോലീസിൽ വിവരം അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതി ഭാര്യയുമായി പിണങ്ങി അഞ്ച് മാസമായി സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.
പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.