മൃഗശാല സന്ദർശിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. മൃഗങ്ങളുമായി അടുത്ത് ഇടപെഴകുവാനോ അവയെ തൊടാനോ ഒന്നും മൃഗശാലകളിൽ അനുവദനീയമല്ല. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗശാലയിൽ കടുവയോടു നടന്ന അതിക്രൂരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂട്ടിൽ വിശ്രമിക്കുന്ന കടുവയുടെ രോമങ്ങൾ പറിച്ചെടുക്കുകയാണ് കുറച്ച് മനുഷ്യർ. ‘കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം’ എന്ന് പറഞ്ഞാണ് ആളുകൾ കടുവയുടെ രോമം പറിച്ചെടുക്കുന്നത്.
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ രാജാവ് ആയിട്ടാണ് കടുവകളെ കണക്കാക്കുന്നത്. സൈനിക ജനറൽമാരുമായും യുദ്ധദേവന്മാരുമായുമൊക്കെ പൗരാണിക ചൈനീസ് കാലത്ത് കടുവകളെ ബന്ധപ്പെടുത്തിയിരുന്നു. കടുവയുടെ രോമം ഭാഗ്യം കൊണ്ടുവരുമെന്നും അത് ദുരാത്മാക്കളെ അകറ്റുമെന്നും യാത്രയിൽ സംരക്ഷണം ഉറപ്പാക്കുമെന്നുമാണ് ഇപ്പോഴും ചിലർ വിശ്വസിക്കുന്നത്.