കോട്ടയം: അനിയന്ത്രിതമായി പെരുകിയ നാടന്‍ കുരങ്ങുകളെക്കൊണ്ട് പൊറുതി മുട്ടിയതോടെ ഇവയെ പിടികൂടി വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് ആലോചിക്കുന്നു. കാട്ടില്‍നിന്ന് വനാതിര്‍ത്തിയിലേക്കും അടുത്തയിടെ നാട്ടിലേക്കും നഗരത്തിലേക്കും വന്നുകൂടിയ കുരങ്ങുകള്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയാണ്. നായകള്ക്കെന്നപോലെ കുരങ്ങിനും പേവിഷബാധയ്ക്കുള്ള സാഹചര്യമേറെയുണ്ട്.
കേരളത്തില്‍ വ്യാപകമായി കാണുന്ന നാടന്‍ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളെയാണ് വന്ധ്യംകരിക്കാന്‍ പദ്ധതിയിടുന്നത്. ഇതിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതുണ്ട്. മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നിലത്തു വളരുന്നതെല്ലാം കാട്ടുപന്നിയും മരത്തിനു മുകളിലുള്ളതെല്ലാം കുരങ്ങും നശിപ്പിക്കുന്ന സാഹചര്യമാണ്. തെങ്ങ്, കവുങ്ങ്, ജാതി എന്നിവയിലെ ഫലം അപ്പാടെ കുരങ്ങ് നശിപ്പിക്കും.
പാശ്ചാത്യ രാജ്യങ്ങള്‍ വന്ധ്യകരണം, ഇഞ്ചക്ഷന്, ഗുളിക എന്നിവ മുഖേനയാണ് ഇവയുടെ എണ്ണം കുറയ്ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത്തരത്തില്‍ സാധിച്ചിട്ടുണ്ട്.ജില്ലയിലെ 24 പഞ്ചായത്തുകളില്‍ കുരങ്ങുകളുടെ ശല്യമുള്ളതായി വനം വകുപ്പ് വ്യക്തമാക്കി. കൂടാതെ ജില്ലാതിര്‍ത്തിയായ മുണ്ടക്കയം മുതല്‍ പീരുമേട് വരെ കുരങ്ങുകള്‍ എണ്ണമില്ലാതെ പെരുകിയിട്ടുണ്ട്.
തീര്‍ഥാടകരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന വളഞ്ഞാങ്ങാനം, പരുന്തുംപാറ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിറുത്തിയിട്ട വാഹനങ്ങളില്‍ നിന്ന് കിട്ടാവുന്നതൊക്കെ കുരങ്ങന്മാര് അപഹരിക്കുക പതിവാണ്. യാത്രക്കാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് ഇവ തമ്പടിക്കാന്‍ കാരണം.
അതിനാല്‍ ഇത്തരം ഇടങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാന്‍ സംവിധാനം ഒരുക്കുന്നതും ആലോചനയിലാണ്. കുരങ്ങുകളെ കൂടുകൾ സ്ഥാപിച്ച് പിടികൂടി മൃഗാശുപത്രികളിലെത്തിച്ച് വന്ധ്യംകരിച്ച് ഒരാഴ്ച നിരീക്ഷണത്തിനുശേഷം അതേ സ്ഥലത്ത് തുറന്നുവിടാനുള്ള പദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ അനുമതിയുള്ളതുപോലെ കുരങ്ങുകളെ കൊന്നൊടുക്കാന്‍ അനുമതി ലഭിക്കില്ല. അതിനാല്‍ വന്ധ്യംകരണം മാത്രമാണ് പോംവഴി.