ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല.
സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും. എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം.
ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും. പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.