കണ്ണൂർ: കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ അബ്ദുൾ റഹ്മാനെയാണ് ബംഗളൂരു എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതിക്കായി എൻഐഎ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയ സംശയത്തെത്തുടർന്ന് വിമാനത്താവള അധികൃതർ പിടിച്ചുവയ്ക്കുകയും എൻഐഎയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി എൻഐഎ സംഘം ബംഗളൂരുവിലേക്കു തിരിച്ചു.
അബ്ദുൽ റഹ്മാനുള്പ്പെടെ കേസുമായി ബന്ധമുള്ള ആറുപേരെക്കുറിച്ചു വിവരങ്ങള് നല്കുന്നവര്ക്ക് എന്ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26ന് ആണ് പ്രവീണ് നെട്ടാരു കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അബ്ദുൽ റഹ്മാന് ഖത്തറിലേക്കു കടക്കുകയായിരുന്നു.