ചിറ്റൂർ (പാലക്കാട്): പൊല്‍പ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്ക്.
പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും പാലക്കാട്, തൃശൂർ ആശുപത്രികളിലെത്തിച്ചശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാനൊരുങ്ങുന്പോഴാണ് അപകടമുണ്ടായത്.
എല്ലാവരും കാറില്‍ കയറിയതിനുശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിനു തീപിടിക്കുകയുമായിരുന്നു. ആര്‍ക്കും കാറില്‍നിന്നു പെട്ടെന്നു പുറത്തിറങ്ങാനായില്ല. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്.
കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണെന്നും സംശയിക്കുന്നു.ഒന്നര മാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് അസുഖം മൂലം അന്തരിച്ചത്. ഇതിനുശേഷം ജോലിയില്‍നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.
അട്ടപ്പാടി സ്വദേശിനിയായ എൽസി നാലുവർഷം മുന്‍പാണ് അത്തിക്കോട് പൂളക്കാട്ടിൽ ഭർത്താവിനൊപ്പം താമസം തുടങ്ങിയത്. മൂന്നു മക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ കാറിൽ കയറിയിരുന്നില്ല. പൊള്ളലേറ്റ മൂന്നു കുട്ടികളും പൊൽപ്പുള്ളി സ്കൂളിലെ വിദ്യാർഥികളാണ്.ചിറ്റൂരിൽനിന്നു ഫയർഫോഴ്സ് ജീവനക്കാർ എത്തിയെങ്കിലും ഇതിനകം കാർ പൂർണമായും കത്തിനശിച്ചിരുന്നു.