കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട കൊലപാതക വെളിപ്പെടുത്തലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്.39 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്.
14-ാം വയസില്‍ താന്‍ തോട്ടിലേക്ക് ചവിട്ടിയിട്ടുകൊന്നു എന്ന് വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ സാന്നിധ്യത്തിലാണ് രേഖാചിത്രം വരച്ചത്. കൊല്ലപ്പെട്ടയാള്‍ ജോലിക്കുന്ന നിന്ന വീട്ടിലെ ഉടമസ്ഥന് രേഖാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഇരട്ടി സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് എകദേശ സൂചന ലഭിച്ചിട്ടുണ്ട്.
ഇനി ഈ രേഖാചിത്രം ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും മരിച്ചയാളെ തിരിച്ചറിയാനുമാണ് പോലീസ് ശ്രമിക്കുന്നത്.
മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് രേഖാചിത്രം തയാറാക്കിയത്.
കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ. പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ കൊണ്ടാണു രേഖാചിത്രം തയാറാക്കിയത്.
ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 14ാം വയസിൽ 1985-ല്‍ ഒരു കൊലപാതകവും പിന്നീട് മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പോലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊലനടന്ന സ്ഥലവും കാണിച്ചു കൊടുത്തിരുന്നു.
- സ്വന്തം ലേഖകന്‍