തിരുവന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ കൃഷ്ണ പ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.
കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍മാരിലൊരാളാണ്. ഗോവിന്ദ് ദേവ് പൈ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ചവച്ചത്.
രഞ്ജി മുന്‍ താരം എസ്. മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്. ഫിലിം ഡയറക്ടര്‍ പ്രിയദര്ശന്, ജോസ് തോമസ് പട്ടാറ എന്നിവരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രിവാന്‍ഡ്രം ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു.