തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ് ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ് വിളിയും ഫോണ് വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം.
സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർ ലാത്തി വീശുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യരുത്. സംഘർഷ സാഹചര്യങ്ങൾ മുൻകൂട്ടി കാണാനാകണം. ഇതിനനുസരിച്ചുള്ള ക്രമീകരണം ഒരുക്കണം. സംഘർഷ സാഹചര്യത്തിൽ പോലീസുകാർക്കു പരിക്ക് ഏൽക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ ധരിക്കണം.
സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നടപടികളാകണം പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പൊതുസമൂഹത്തിൽ കളങ്കമുണ്ടാക്കുന്ന നടപടികൾ പാടില്ല. പോലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
വരുന്ന 31നു സർവീസിൽ നിന്നു വിരമിക്കുന്ന ഡിജിപി ഹരിനാഥ് മിശ്രയ്ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിലാണ് ഹരിനാഥ്മിശ്ര. യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയെ കൂടാതെ എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത്, പി.വിജയൻ, എം.ആർ.അജിത്കുമാർ, ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ