ബറ്റ്സുമി (ജോര്‍ജിയ): ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മിലുള്ള ഫിഡെ 2025 വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ ആദ്യ പോരാട്ടം സമനിലയില്‍. ആദ്യം സമനില നിഷേധിച്ച ദിവ്യ, ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷന് ഡ്രോ സമ്മതിക്കുകയായിരുന്നു. 40 നീക്കത്തോടെ ഇരുവരും കൈകൊടുത്തു പിരിഞ്ഞു.
മൂന്നു മണിക്കൂറിലധികം നീണ്ട ആദ്യ ക്ലാസിക്കല്‍ മത്സരത്തിന്റെ തുടക്കത്തില്‍ 19കാരിയായ ദിവ്യക്കായിരുന്നു മുന്‍തൂക്കം. സമയത്തിന്റെ സമ്മര്‍ദത്തില്‍ ദിവ്യ വഴങ്ങിയതോടെയാണ് കൊനേരു ഹംപി മത്സരത്തില്‍ പിടിമുറുക്കിയത്. ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷനിലൂടെ മത്സരത്തിന്റെ പകുതിയില്‍ സമനിലയ്ക്കായി ഹംപി ശ്രമിച്ചെങ്കിലും ദിവ്യ വഴങ്ങിയില്ല. മൂന്നാം സ്ഥാനത്തിനായി ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ടാന്‍ സോങ് യിയും ലീ ടിംഗ്ജിയും തമ്മിലുള്ള ആദ്യ മത്സരവും സമനിലയില്‍ കലാശിച്ചു.
ഇന്നു രണ്ടാം റൗണ്ട്
രണ്ട് ക്ലാസിക്കല്‍ ഗെയിമായി നടക്കുന്ന ഫൈനലിന്റെ രണ്ടാം മത്സരം ഇന്നു നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 മുതലാണ് മത്സരം. ചൈനയുടെ ലോക നാലാം നമ്പര്‍ താരമായ ടാന്‍ സോങ് യിയെ സെമിയില്‍ 1.5-0.5ന് അട്ടിമറിച്ചാണ് ദിവ്യ ദേശ്മുഖിന്റെ ഫൈനലില്‍ പ്രവേശം. ടോപ് സീഡായ ചൈനയുടെ ലീ ടിംഗ്ജിയെ ടൈബ്രേക്കറിലൂടെ മറികടന്നാണ് ഹംപി ഫൈനലില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഫിഡെ വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.
ഫൈനലിലെ ക്ലാസിക്കല്‍ ഗെയിമില്‍ ഇരുതാരങ്ങള്‍ക്കും ആദ്യ 40 നീക്കത്തിന് 90 മിനിറ്റ് ലഭിക്കും. തുടര്‍ന്ന് 30 മിനിറ്റാണ് ബാക്കിയുള്ള മത്സര സമയം. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്. ഇന്നും ജേതാവിനെ നിശ്ചയിക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ ടൈബ്രേക്കര്‍ നടക്കും. ടൈബ്രേക്കര്‍ 10 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്.
ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്. രണ്ട് റാപ്പിഡ് ഗെയിമിനുശേഷവും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള, മൂന്ന് സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള രണ്ട് മത്സരംകൂടി നടത്തും. അവിടെയും സമനിലയാണെങ്കില്‍ മൂന്നു മിനിറ്റിന്റെ രണ്ട് ബ്ലിറ്റ്സ്. തുടര്‍ന്ന് ജേതാക്കളെ നിശ്ചയിക്കുന്നതുവരെ 3+2 ബ്ലിറ്റ്സ് മത്സരം അരങ്ങേറും.