കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരന് പി.കെ ബുജൈര്‍ ലഹരിമരുന്നുകടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന്റെ തെളിവുണ്ടെന്നും മറ്റൊരു പ്രതിയുടെ കുറ്റസമ്മതമൊഴിയുണ്ടെന്നും കുന്ദമംഗലം പോലീസ് പറഞ്ഞു.
ലഹരികടത്തുകേസില്‍ കുന്ദമംഗലം സ്വദേശി റിയാസ് തൊടുകയിലിനെ കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ പോലീസിനു നല്കിയ മൊഴിയില്‍ നിന്നാണ് ബുജൈറിന്റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് പോലീസ് പറയുന്നു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്റെ വാട്സാപ്പ് ചാറ്റ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ബുജൈറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോള്‍ ഇയാള്‍ പോലീസനെ ആക്രമിക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുജൈറിന്റെ കാറില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ലഹരിമരുന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
അതേസമയം, സഹോദരന്റെ അറസ്റ്റില്‍ താന്‍ ഇടപെടില്ലെന്ന് പി.കെ ഫിറോസ് അറിയിച്ചു.സഹോദരന് ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് തന്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ല. ഒരാള്‍ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേര്‍ത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ലെന്നു ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയില്‍ എന്ന വ്യക്തിയുമായി മൊബൈല്‍ ചാറ്റ് നടത്തിയെന്ന് പോലിസ് ആരോപിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്.
റിയാസിനെ പോലിസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയത് സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ്. ഇത് മറച്ചുവച്ച് കൊണ്ടാണ് സൈബര്‍ സഖാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.