പെരുവ: റോഡരികില്‍ അപകട കെണിയൊരുക്കി കെഎസ്ഇബി. പെരുവ കെഎസ്ഇബി സബ് സെന്ററിന്റെ കീഴിലുള്ള കുന്നപ്പള്ളിയില്‍ റോഡിലേക്ക് ചെരിഞ്ഞു അപകട ഭീഷിണി ഉയര്‍ത്തുന്നത് വൈദ്യുതി തൂണുകളാണെങ്കില്‍, കാരിക്കോട്ട് വൈദ്യുതി തൂണിലേക്ക് പടര്‍ന്ന് കയറി നില്ക്കുന്ന വള്ളിപടര്പുകളാണ് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നത്.
കുന്നപ്പള്ളി ആക്യമാലി ജംഗ്ഷനില്‍ നിന്നും മടത്താട്ട് കോളനി റോഡിലുള്ള വൈദ്യുതി തൂണുകളാണ് റോഡിലേക്ക് ചരിഞ്ഞു മറിഞ്ഞുവീഴാറായ നിലയില്‍ സ്ഥിതി ചെയ്യുന്നത്. ഇതിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്ക് സ്ഥാപിച്ചെങ്കിലും ചെരിഞ്ഞു നില്ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തില്ല. നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചരിഞ്ഞു നില്ക്കുന്ന നിരവധി തൂണുകള്‍ മാറ്റി സ്ഥാപിച്ച വൈദ്യുതി ലൈനിന്റെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പെടെ പൊട്ടിവീഴാനുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
മൂര്‍ക്കാട്ടിപ്പടി-വെള്ളൂര്‍ റോഡില്‍ പൈന്താറ്റില്‍ ഭാഗത്തേക്ക് തിരിയുന്നടുത്താണ് വൈദ്യുതി തൂണിലും ഇതു വലിച്ചു കെട്ടിയ സ്റ്റേ കമ്പികളിലൂടെയും വൈദ്യുതി ലൈനിലേക്ക് വള്ളിപടര്പുകള് കയറിയിരിക്കുന്നത്.