ഒരു പെയിന്റിംഗ് മത്സരത്തിന്റെ പേരാണ് ‘കളർ ഇന്ത്യ’യെന്നു വേണമെങ്കിൽ പറയാം. പക്ഷേ, അതു സംഘടിപ്പിക്കുന്ന ദീപിക അതിനു മറ്റൊരർഥം കൽപിക്കുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ അന്തസിൽ അഭിമാനിക്കാനും നഷ്ടമൂല്യങ്ങൾക്കു നിറം പകരാനും കുട്ടികൾക്കുള്ള ക്ഷണമാണ്. ഇതൊരു പെയിന്റിംഗ് മത്സരത്തിനപ്പുറം ഹോളിയാണ്.
നാനാത്വത്തിന്റെ കാൻവാസിൽ 10 ലക്ഷത്തോളം കുട്ടികൾ നിറമിടുന്ന ഏകത്വത്തിന്റെ ‘ഹോളി ഡേ’. കുട്ടികളേ, നിലത്തു വിരിച്ചൊരു ചിത്രത്തിലേക്കു മിഴിയൂന്നി നിങ്ങളുടെ ഇടതും വലതുമിരിക്കുന്ന കൂട്ടുകാർക്ക് ആവശ്യമെങ്കിൽ ഇത്തിരിയിടം കൊടുക്കുന്പോൾ, നിറങ്ങളിലൊന്നു പങ്കുവയ്ക്കുന്പോൾ, ഒരു പുഞ്ചിരി സമ്മാനിക്കുന്പോൾ നിങ്ങൾ സഹജീവിയുടെ ഹൃദയത്തിലും സാഹോദര്യത്തിന്റെ നിറം പകരുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മഞ്ജു വാര്യർ ഒപ്പിട്ടു നിങ്ങൾക്കു തരുന്ന സർട്ടിഫിക്കറ്റുപോലെ, സഹജീവിയുടെ ഹൃദയത്തിൽ നിങ്ങളിടുന്ന സ്നേഹമുദ്രയുടെ പേരാണ് ‘ദീപിക കളർ ഇന്ത്യ’.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അയ്യായിരത്തിലധികം സ്കൂളുകളിലായിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും (ഡിസിഎൽ) ചേർന്ന് പെയിന്റിംഗ് മത്സരം നടത്തുന്നത്. കഴിഞ്ഞ മൂന്നു സീസണിലും സൗഹാർദത്തിന്റെ അതിമനോഹരമായൊരു കാഴ്ചകൂടിയായിരുന്നു ഇത്. മൂന്നു മുതൽ 17 വയസുവരെയുള്ളവർ തറയിലിരുന്നും ചാഞ്ഞും കമിഴ്ന്നുമൊക്കെ മത്സരബുദ്ധിയോടെ ചിത്രങ്ങൾക്കു നിറം കൊടുക്കുന്പോൾ പലരും തങ്ങൾക്കുള്ളതെല്ലാം പങ്കുവയ്ക്കുന്ന കാഴ്ചയുണ്ട്.
ചിലരാണെങ്കിൽ മറ്റുള്ളവർക്കു പെയിന്റിംഗിന്റെ സാങ്കേതികവിദ്യയും പറഞ്ഞുകൊടുക്കും. കൊച്ചുകുട്ടികളിലാണ് ഇത്തരം സാഹോദര്യം കൂടുതൽ. അവരുടെ മത്സരങ്ങൾ മുതിർന്നവരുടേതുപോലെ യുദ്ധമല്ല. വെറുപ്പിനും വിദ്വേഷത്തിനും വർഗീയതയ്ക്കും യുദ്ധത്തിനും ലഹരിക്കുമെതിരേയുള്ള ദീപികയുടെ പ്രതികരണങ്ങളിലൊന്നാണ് ‘കളർ ഇന്ത്യ’. അതത്ര എളുപ്പമുള്ള കാര്യമല്ല.
കാരണം, മിക്കവരും വിദ്വേഷ നിഴൽയുദ്ധങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കാലമാണിത്. മറ്റു ചിലർ സ്വാർഥതയാൽ നിഷ്ക്രിയരുമായിപ്പോയി. അതിനിടയിലൂടെ പുതിയൊരിന്ത്യ വളരുന്നുണ്ട്. മുതലാളിത്തകിരീടമണിഞ്ഞ ദരിദ്രഗാത്രമുള്ള ഇന്ത്യ. മൂല്യവത്തെന്നു നാം കരുതിയ പലതിന്റെയും നിറം കെട്ടിരിക്കുന്നു. സ്നേഹത്തിന്റെ നിറക്കൂട്ടുകൾ കുട്ടികളുടെ കൈവശമേ ബാക്കിയുള്ളെന്നു തോന്നിപ്പോകുന്നു. അതുകൊണ്ടാണ് ‘കളർ ഇന്ത്യ’.
ഇന്ന് ക്വിറ്റ് ഇന്ത്യ വാർഷികമാണ്. 1942 ഓഗസ്റ്റ് എട്ടിനായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ‘ഓഗസ്റ്റ് വിപ്ലവം’ എന്നുകൂടി വിളിക്കപ്പെട്ട നിർണായക മുന്നേറ്റം തുടങ്ങിയത്. അന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. സ്വാതന്ത്ര്യസമരസേനാനിയും തൊഴിലാളി നേതാവുമായ യൂസഫ് മെഹറലി കണ്ടെത്തിയ ‘ക്വിറ്റ് ഇന്ത്യ’ എന്ന മൂർച്ചയുള്ള മുദ്രാവാക്യം കോൺഗ്രസ് അംഗീകരിക്കുകയായിരുന്നു.
അന്ന് ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ഗാന്ധിജി നടത്തിയ പ്രസംഗം 140 മിനിറ്റായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം: “ഈ ഭൂമി ഹിംസയുടെ തീജ്വാലയിൽ എരിയുകയും മോചനത്തിനായി നിലവിളിക്കുകയും ചെയ്യുമ്പോള്‍, ദൈവം തന്ന കഴിവ് ഉപയോഗിക്കുന്നതില്‍ ഞാന്‍ പരാജയപ്പട്ടാല്‍, ദൈവം എന്നോടു പൊറുക്കില്ല. ഞാന്‍, നിങ്ങള്‍ക്ക് ഒരു മന്ത്രം തരാം, ഒരു കുഞ്ഞുമന്ത്രം. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.” ഇതു സ്വാതന്ത്ര്യസമരകാലത്തേക്കു മാത്രം ഒതുക്കേണ്ട മുദ്രാവാക്യമല്ല. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ എക്കാലവും നെഞ്ചിൽ ഒരുക്കിനിർത്തേണ്ടതാണ്. ശബ്ദമുയർത്തേണ്ടിടത്ത് നിശബ്ദരായാൽ ദൈവം പൊറുക്കില്ല.
ഈ പെയിന്റിംഗ് മത്സരം ‘ക്വിറ്റ് ഇന്ത്യ’ ദിനത്തിലാക്കിയതു യാദൃച്ഛികമല്ല. ഭിന്നിപ്പിച്ചു ഭരിക്കാനിറങ്ങിയ സാമ്രാജ്യത്വത്തോട് കടക്കൂ പുറത്ത് എന്നു കൽപിച്ച അതികായരുടെ ദിവസമാണിന്ന്. നാളത്തെ ഇന്ത്യയുടെ ശിൽപികളായ കുട്ടികളേ, തിന്മകളോട് കടക്കൂ പുറത്തെന്നു പറയുക. സ്നേഹത്തിലും സഹിഷ്ണുതയിലും നാനാത്വത്തിൽ ഏകത്വം ഉറപ്പാക്കുന്ന യഥാർഥ ദേശീയബോധത്തിലും മുക്കിയ ബ്രഷുകളുമായി നിങ്ങൾ ഇറങ്ങുക. സഹജീവിയെ സ്നേഹിക്കുന്നവരായി മടങ്ങുക. നിങ്ങളുടെ കൈകളിലാണ് ഈ മഹത്തായ രാജ്യം; കളർ ഇന്ത്യ.