കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട ഏകദിന പരിശീലനം സംസ്ഥാനത്തെ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനൊരുങ്ങി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു വീതം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും വെല്ലുവിളികളും, ഡാര്‍ക്ക് വെബ്, ഡാര്‍ക്ക് വെബില്‍ നിന്നും കുട്ടിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ, സൈബര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകളും ശിക്ഷകളും എന്നിവയ്ക്കാണ് പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
ഇതോടൊപ്പം ബാലനീതി ആക്ട് 2015, പോക്സോ ആക്ട് 2012, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട് 2009, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ചും അറിവു പകരും. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സൈബര്‍ വിദഗ്ധരാണ് പരിശീലന ക്ലാസുകളെടുക്കുന്നത്.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകര്‍ക്ക് കഴിയണം. അധ്യാപക വിദ്യാര്‍ഥി ബന്ധം സൗഹാര്‍ദ്ദപരമാക്കാനും വിദ്യാഭ്യാസ, മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പാക്കാനും ലക്ഷ്യമിട്ടാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ രണ്ടു മാസത്തിനകം അവരുടെ സ്കൂളിലെ 8,9,10, ക്ലാസുകളിലെ കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ സഹ അധ്യാപകര്‍ക്കും ബോധവല്‍ക്കരണം നല്‍കും.
ആദ്യ ഘട്ടം ഏഴു ജില്ലകളില്‍
ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 1200 ലധികം സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് ഏകദിന പരിശീലനം നല്‍കുന്നത്. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഹാളില്‍ ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ നിര്‍വ്വഹിക്കും.
12 ന് കാസര്‍ഗോഡും 13 ന് കണ്ണൂരും 14 ന് വയനാടും 18 ന് മലപ്പുറത്തും 19 ന് പാലക്കാടും 20 ന് തൃശൂരും ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന ക്ലാസ് നടക്കും. രണ്ടാം ഘട്ടം എന്ന നിലയില്‍ സെപ്റ്റംബര്‍ മാസത്തില്‍ അടുത്ത ഏഴ് ജില്ലകളിലെ അധ്യാപകരും പരിശീലനത്തിന്റെ ഭാഗമാകും.
- സീമ മോഹൻലാല്‍