ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മ മെട്രോ റെയിലിന്റെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയാണു പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചത്.
ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്രചെയ്തു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹ്ലോട്ട് എന്നിരും ഒപ്പമുണ്ടായിരുന്നു.
യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത 7,160 കോടി രൂപ മുടക്കിയാണു നിർമിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഉള്ള പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ.
മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി.