ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് ഡല്‍ഹി കോടതി. ജൂലൈ 31ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഒരു മാസത്തിനുള്ളില്‍ അതിജീവിതന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടു.
പ്രായപൂര്‍ത്തിയാകാത്ത അതിജീവിതന് 10.5 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടികള്‍ മാത്രമല്ല ആൺകുട്ടികളും വിധേയരാകുന്നുണ്ടെന്നും കോടതി പറഞ്ഞു.
2019ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിലെ സെക്ഷന്‍-6 (ഗുരുതരമായ ലൈംഗികാതിക്രമം), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍-377 (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍) എന്നിവ പ്രകാരം കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ ഏകദേശം 54.68 ശതമാനം ആണ്‍കുട്ടികളാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.