ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലെ 28, 12 ശതമാനം സ്ലാബുകൾ ഇല്ലാതാക്കി അഞ്ച്, 18 ശതമാനം വീതം രണ്ടു സ്ലാബുകളാക്കി മാറ്റുന്നു. ഒക്ടോബർ 20ന് ദീപാവലി സമ്മാനമായാണ് അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരമായി ഇളവു നടപ്പാക്കുകയെന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
അടുത്ത രണ്ടു മാസങ്ങളിലായി സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ പല തവണ യോഗം ചേർന്നാകും നിരക്ക് ഏകീകരണ തീരുമാനങ്ങളെടുക്കുക. നിലവിൽ 28 ശതമാനമുള്ളവയിൽ 90 ശതമാനം ഉത്പന്നങ്ങളും 18 ശതമാനത്തിലേക്കും 18 ശതമാനമുള്ളവയിലെ 99 ശതമാനം ഉത്പന്നങ്ങളും 12 ശതമാനത്തിലേക്കും താഴ്ത്തുമെന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. പരിഷ്കാരങ്ങൾ സാധാരണക്കാരുടെ മേലുള്ള നികുതിഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏഴിനങ്ങൾക്കു മാത്രം ഉയർന്ന 40 ശതമാനം ജിഎസ്ടി ഈടാക്കാൻ നിർദേശമുണ്ട്. 0.25 മുതൽ മൂന്നു ശതമാനം വരെ നേരത്തേ നിരക്കുണ്ടായിരുന്ന ഒരു ശതമാനത്തിൽ താഴെയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമോ താഴെയോ നിരക്കിലേക്കു മാറ്റാനും നിർദേശമുണ്ട്. ജിഎസ്ടി നിരക്കുകൾക്ക് പുറമേ മറ്റു സെസുകളൊന്നും ഉണ്ടാകില്ല.
ജിഎസ്ടി നിരക്കു പരിഷ്കരണം സംബന്ധിച്ച നിർദേശം മന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിലിന് അയച്ചതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ധനമന്ത്രാലയം അറിയിച്ചു.
പരിഷ്കരണം വരുമാനത്തിൽ ഇടിവുണ്ടാക്കുമെങ്കിലും ധനക്കമ്മിയെ സാരമായി ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കുറഞ്ഞ നിരക്കുകൾ ഉപഭോഗം വർധിപ്പിക്കുകയും വെട്ടിപ്പു കുറയ്ക്കുകയും നികുതി ശൃംഖല വിശാലമാക്കുകയും ചെയ്യുന്നതോടെ സാന്പത്തിക വർഷാവസാനത്തോടെ വരുമാനം വർധിക്കുമെന്നു കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.
മദ്യം, പെട്രോളിയം, ലോട്ടറി ജിഎസ്ടിക്കു പുറത്തുതന്നെ
ഇൻഷ്വറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി നിരക്കിനെക്കുറിച്ചു കേന്ദ്രം മൗനം തുടരുകയാണ്. കൂടുതൽ നികുതിയും തീരുവയും ഈടാക്കുന്ന പെട്രോളിയം ഉ്തപന്നങ്ങൾ, മദ്യം, ലോട്ടറി തുടങ്ങിയവയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു മിണ്ടാട്ടമില്ല. നിലവിൽ 28 ശതമാനം ലെവി നേരിടുന്ന ഓണ്‍ലൈൻ ഗെയിമിംഗിന് ഏറ്റവും ഉയർന്ന 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കിയേക്കും. പുകയിലയ്ക്കു നിലവിലുള്ള 88 ശതമാനം നികുതി തുടർന്നും നേരിടേണ്ടിവരും.
വില കുറയുന്നവ
എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ് വാഷറുകൾ, വാഹനങ്ങൾ, ചില ടിവി സെറ്റുകൾ, സിമന്റ് തുടങ്ങിയവയുടെ ജിഎസ്ടി 28ൽനിന്ന് 18 ശതമാനമായി കുറയും. രത്നങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ, സ്വർണം തുടങ്ങി നിലവിൽ 0.25 മുതൽ അഞ്ചു ശതമാനം വരെയുള്ളവയുടെ നിരക്കുകൾ ഒരു ശതമാനമായി കുറച്ചേക്കും.
പഴച്ചാറുകൾ, വെണ്ണ, ചീസ്, കണ്ടൻസ്ഡ് മിൽക്ക്, ജാം, പഴജെല്ലികൾ, ഉണക്കിയ പഴവർഗങ്ങൾ, ഈന്തപ്പഴം, കശുവണ്ടി അടക്കമുള്ള ഡ്രൈ ഫ്രൂട്ട്സ്, സോസേജുകൾ, പാസ്ത, മിക്സർ- ചിപ്സ്, കരിക്കിൻവെള്ളം തുടങ്ങിയ പായ്ക്കു ചെയ്തതും ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾ, നിരവധി മരുന്നുകൾ, മെഡിക്കൽ- സർജിക്കൽ ഉപകരണങ്ങൾ, ഗ്ലൂക്കോമീറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ബാൻഡേജുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, സൈക്കിളുകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ആയിരം രൂപയിൽ കുറവുള്ള ചെരുപ്പുകൾ, കാർഷിക സ്പ്രിംഗ്ളറുകൾ, കാർഷിക വിളവെടുപ്പു യന്ത്രങ്ങൾ, കംപോസ്റ്റ് മെഷീനുകൾ, നോട്ടുബുക്കുകൾ, ജ്യോമട്രി ബോക്സുകൾ, പെൻസിലുകൾ തുടങ്ങിയവയുടെ വിലയും കുറയും. ഇവയുടെ ജിഎസ്ടി 18ൽ നിന്ന് 12 ശതമാനമായി കുറയും.
ജോർജ് കള്ളിവയലിൽ