കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 10.15ന് ബോര്‍ഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഈ വിമാനം ഇന്നു പുലര്‍ച്ചെ 2.45ന് പുറപ്പെട്ടു.
വിമാനം തെന്നിമാറിയ വിവരം യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന് എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം അറിയിച്ചത്. എന്ജിന് തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നു വിമാനജീവനക്കാര്‍ അറിയിച്ചതായി ഹൈബി ഈഡന് എംപി വ്യക്തമാക്കി.
“10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പത്തെ റണ്ണിംഗിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗിലേക്ക് മാറ്റി പരിശോധിച്ചു. എന്ജിന് വൈബ്രേഷന്‍ പ്രശ്നം ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ” – ഹൈബി ഈഡന് എം.പി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് എംപിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്, റോബര്‍ട്ട് ബ്രൂസ് എന്നിവരുള്‍പ്പെടെ 160 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയിരുന്നു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാര്‍ ഉണ്ടായത്. ഉടന്‍ തന്നെ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇതിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടര്‍ന്ന് അല്പനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യാനായത്. അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.