വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ, റഷ്യ രാഷ്ട്രനേതാക്കൾ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വഴിതെളിഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചശേഷം ട്രംപ് ആണ് ഇരുരാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്കുവരുമെന്നു പറഞ്ഞത്. എന്നാൽ, പ്രഖ്യാപനങ്ങളൊന്നും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല.
കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഫോണില്‍ വിളിച്ചതായും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്ഥാലത്തുവച്ച് പുടിനും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ട്രംപ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ തങ്ങള്‍ മൂന്നു നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപ്, സെലന്‍സ്കി, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തിക്കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്. 40 മിനിറ്റോളം ട്രംപ്-പുടിൻ ഫോൺ സംഭാഷണം നീണ്ടു.
റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ പുടിൻ പിന്തുണയ്ക്കുകയും ചെയ്തെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയവക്താവ് പറഞ്ഞു.റഷ്യ-യുക്രെയ്ൻ സമാധാനം സാധ്യമാകുന്നതിൽ തങ്ങളെല്ലാവരും സന്തുഷ്ടരാണെന്നും ട്രംപ് പറഞ്ഞു.