മല്ലപ്പള്ളി: വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവദമ്പതികളെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ച് തടഞ്ഞ് ആക്രമിച്ച സഹോദങ്ങളായ മൂന്ന് പേരുള്‍പ്പെടെ നാലുപേരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖില്‍ജിത്ത് അജി (25), അമല്‍ ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ്നാഥ് (20) എന്നിവരാണ് പിടിയിലായത്. കോട്ടയം കുറിച്ചി സ്വദേശിനി 29 കാരിയും നവവരന് മുകേഷ് മോഹന്‍ (31) എന്നിവര്‍ക്കു നേരെയാണ് കഴിഞ്ഞ 17നു വൈകുന്നേരം ആക്രമണമുണ്ടായത്.
വിവാഹശേഷം നവവരന്റെ വീട്ടില്‍ വന്ന വാഹനങ്ങള്‍, പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. വധൂവരന്മാര് യാത്രചെയ്ത കാറില്‍ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നില്‍ കയറി തടഞ്ഞുനിര്‍ത്തിയ ശേഷം, അഭിജിത്ത് ഇടതുവശത്ത് എത്തി, അസഭ്യംപറഞ്ഞശേഷം ഗ്ലാസ് താഴ്ത്തിച്ചശേഷം മുകേഷിനെ ആക്രമിച്ചെന്നാണ് പരാതി.
ഭര്‍ത്താവിനെ അക്രമികളില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയുടെ ഇടതു കൈ പിടിച്ച് തിരിച്ചു. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റുള്ളവര്‍ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും,ഡോറുകള്‍ ഇടിച്ചു കേടുപാട് ഉണ്ടാക്കുകയും ചെയ്തു. പൊട്ടിയ ഗ്ലാസിന്റെ ചില്ലുകള്‍ തെറിച്ചും യുവതിക്കു പരിക്കേറ്റു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ് ഐ കെ. രാജേഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ വിരോധം കൂടി ആക്രമണത്തിനു പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.